Site iconSite icon Janayugom Online

ഹരിയാനയിലെ വര്‍ഗീയ കലാപം; അഞ്ച് മരണം, മുസ്ലീം പള്ളിക്ക് തീയിട്ടു

ഹരിയാനയിലെ ഗുരുഗ്രാമിനടുത്തുള്ള നുഹ് ഗ്രാമത്തിലുണ്ടായ കലാപത്തില്‍ മരണസംഖ്യ അഞ്ചായി. 70ലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളിക്ക് തീയിട്ടു. ഇമാമിനെ വെടിവച്ചുകൊന്നു. മരിച്ചവരില്‍ മറ്റു രണ്ടുപേര്‍ ഹേം ഗാര്‍ഡുകളും രണ്ടു പേര്‍ സാധാരണക്കാരുമാണ്.

അതിനിടെ നൂഹ് ആക്രമണങ്ങളുടെ അലയൊലികള്‍ 40കിലോമീറ്റര്‍ അകലെയുള്ള ബാദ്ഷാപൂരിലും എത്തി. അക്രമകാരികള്‍ 14 റസ്റ്റോറകളും കടകളും തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. 200 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബജ്രംഗ്‌ദളും വിശ്വ ഹിന്ദു പരിഷത്തും സംഘടിപ്പിച്ച ബ്രിജ് മണ്ഢല്‍ ജലാഭിഷേക് സംഘടിപ്പിച്ച ഘോഷയാത്രക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 16 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നൂഹില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.പൊലീസിനേയും അര്‍ത്ഥസൈനിക വിഭാഗങ്ങളേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സ്കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടന്നു. ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. 20 കമ്പനി ദ്രുത കര്‍മ്മ സേനയെക്കൂടി ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇരു വിഭാഗങ്ങളുടെയും നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇതിനുശേഷമാണ് ബാദ്ഷാപൂരില്‍ വൈകുന്നേരത്തോടെ സംഘര്‍ഷം വീണ്ടും ഉടലെടുത്തത്.

Eng­lish Sum­ma­ry: Haryana Nuh Vio­lence Updates
You may also like this video

 

Exit mobile version