“കരയുന്നില്ലേ നിങ്ങളിന്ത്യതന്‍ കരള്‍വെട്ടികുരുതിക്കുളം തീര്‍ത്ത കണ്ണീരിന്‍ കഥകേള്‍ക്കേ?” എന്ന് വയലാര്‍ രാമവര്‍മ്മ ‘പാദമുദ്രകള്‍’ എന്ന അദ്ദേഹത്തിന്റെ ആദ്യകാല കവിതയില്‍ എഴുതി. തുടര്‍ന്ന് അദ്ദേഹം അതേ കവിതയില്‍ ഈവിധം ആരായുന്നു: “ഇന്നു നാം ഞടുങ്ങിയോ മാനവ സംസ്കാരത്തിന്‍ സുന്ദര മണിധ്വജം ചുവടേ മറിഞ്ഞപ്പോള്‍” മാനവസംസ്കാരത്തിന്റെ സുന്ദരമണിധ്വജം ചുവടേ മറിഞ്ഞ ദുരന്തപൂര്‍ണമായ കാലത്താണ് ഇന്ത്യന്‍ ജനത ഇന്ന് ജീവിക്കുന്നത്. ‘എങ്ങനെ സഹിക്കുവാന്‍…? കഷണം കഷണമായങ്ങനെ തകരട്ടെ ഭാവിതന്‍ ഹൃദയങ്ങള്‍’ എന്ന് ചിന്തിക്കുന്ന ഫാസിസ്റ്റ് ഭരണാധികാരികളുടെ നരേന്ദ്രമോഡി — അമിത് ഷാ ഏകാധിപത്യ ഭരണകാലത്താണ് ഭാരതീയ ജനത ജീവിതം പുലര്‍ത്തുന്നത്. ഇന്ത്യയുടെ കരള്‍ വെട്ടിപ്പിളര്‍ക്കുമ്പോള്‍ ഹൃദയംപൊട്ടി നിലവിളിക്കുകയാണ് മഹാഭൂരിപക്ഷം ഭാരതീയര്‍. ഭിന്നിപ്പിക്കലിന്റെയും വംശവിദ്വേഷത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും രാഷ്ട്രീയ നയതന്ത്രമാണ് നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും ബിജെപി ഭരണകൂടവും സംഘപരിവാര്‍ മേധാവികളും പ്രകടമാക്കുന്നത്. ഭിന്നിപ്പിക്കല്‍ അധമരാഷ്ട്രീയത്തെ ചെറുക്കുമെന്ന് ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ പതിമൂന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്യപ്രസ്താവന നടത്തി. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹനീയ മുദ്രയെ ലംഘിച്ചുകൊണ്ട് ഏകമതം, ഏകഭാഷ, ഏകവേഷം, ഏക ഭക്ഷണം, ഏക സംസ്കാരം എന്ന് സംഘപരിവാര്‍ ശക്തികള്‍ ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ പ്രതിഷേധ ശബ്ദങ്ങളും പ്രതിരോധ നിരകളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. സംഘപരിവാര്‍ ശക്തികള്‍ വിശ്വാസത്തിന്റെയും ബിംബങ്ങളുടെയും ആഘോഷങ്ങളുടെയും ഘോഷയാത്രകളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും മതസ്പര്‍ധയും സൃഷ്ടിക്കുന്ന തിരക്കിലാണ്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പൂര്‍ണ പിന്തുണയോടെയാണ് സംഘപരിവാര ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുന്നത്. രാമനവമി ആഘോഷത്തിലും ഹനുമാന്‍ ജയന്തി ആഘോഷത്തിലും നടത്തിയ ഘോഷയാത്രകളില്‍ ആയുധങ്ങളേന്തി അണിനിരന്ന സംഘകുടുംബാംഗങ്ങള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. അസഹിഷ്ണുതയും വിദ്വേഷവും പ്രകടിപ്പിക്കുന്ന പ്രചാരണങ്ങളും പ്രസംഗങ്ങളും അനവരതം അരങ്ങേറുന്നു. ‘നിങ്ങള്‍ രാമനില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെ’ന്ന് ആക്രോശിച്ചുകൊണ്ടാണ് സംഘപരിവാര ക്രിമിനലുകള്‍ മുസ്‌ലിം മതവിശ്വാസികളെ കടന്നാക്രമിച്ചത്. അക്രമങ്ങളും വര്‍ഗീയ കലാപങ്ങളും ആസൂത്രിതമായി അരങ്ങേറുമ്പോഴും മതവിദ്വേഷ പ്രചാരണങ്ങളും പ്രസംഗങ്ങളും അനവരതം അരങ്ങേറുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി മൗനത്തിന്റെ വത്മീകത്തിലാണ്.
ഇതുകൂടി വായിക്കാം; കൃത്യമായി ആസൂത്രണം ചെയ്ത കലാപങ്ങള്‍
ഭരണകൂട പിന്തുണയോടെയാണ് അക്രമങ്ങളും കലാപങ്ങളും അരങ്ങേറുന്നതെന്ന് മനഃപൂര്‍വമായ ഈ മൗനം തെളിയിക്കുന്നു. അക്രമികള്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇരകളാക്കപ്പെട്ടവരെയും വേട്ടയാടപ്പെട്ടവരെയും കുറ്റവാളികളെന്ന് മുദ്രകുത്തി പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് കാരാഗൃഹത്തിലടയ്ക്കുന്നു. യുപിയിലും ഹരിയാനയിലും ബിഹാറിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും അസമിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും കലാപങ്ങള്‍ അഴിച്ചുവിട്ടവര്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലേക്കും അത് വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജഹാംഗിര്‍പുരിയില്‍ കലാപം അഴിച്ചുവിട്ടതിനു പിന്നാലെ ബിജെപി കോര്‍പറേഷന്‍ ഭരണാധികാരികള്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ തകര്‍ത്തെറിയാന്‍ ബുള്‍ഡോസറുകള്‍ ഓടിച്ചു. സാധാരണ മനുഷ്യരുടെ വീടുകള്‍ ഇടിച്ചുതകര്‍ത്തു. കുടിയൊഴിപ്പിക്കല്‍ പാടില്ലെന്ന ഉന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിലക്കുണ്ടായിട്ടും തൃണവിലപോലും കല്പിക്കാതെയാണ് ഇടിച്ചുനിരത്തിയത്. നിയമ നീതിന്യായ വ്യവസ്ഥയെ സംഘപരിവാര ഫാസിസ്റ്റുകള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ പാഠമാണിത്. വിരമിച്ച 108 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടയച്ച കത്തിലെ വരികള്‍ പ്രസക്തമാണ്. കത്തില്‍ അവര്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: “വെറുപ്പിന്റെ രാഷ്ട്രീയത്തിന് അവസാനം കുറിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല. ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട സാമൂഹിക ബന്ധങ്ങളുടെ ഇഴകള്‍ വലിച്ചുകീറപ്പെടുന്നത് ചെറിയ കാര്യമായി കാണരുത്. ഈ ഭീഷണിക്ക് മുന്നിലെ താങ്കളുടെ നിശബ്ദത കാതടപ്പിക്കുന്നതാണ്. ‘സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്’ എന്ന താങ്കളുടെ മുദ്രാവാക്യത്തോട് നീതിപുലര്‍ത്തണം”. ഇരട്ട മുഖവും ഇരട്ട നാവും ഫാസിസ്റ്റുകളുടെ മുഖമുദ്രയാണ്. ആയതിനാല്‍ നരേന്ദ്രമോഡി താനുയര്‍ത്തുന്ന ഒരു മുദ്രാവാക്യത്തോടും നീതിപുലര്‍ത്തില്ല. സവര്‍ണ പൗരോഹിത്യത്തിന്റേതായ ഏകമത മേധാവിത്വ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാരം വര്‍ഗീയ ലഹളകള്‍ക്ക് തിരികൊളുത്തുന്നത്. രാമനവമി, ഹനുമാന്‍ ജയന്തി ഘോഷയാത്രകള്‍ക്കും അക്രമ പരമ്പരകള്‍ക്കുമിടയില്‍ നാലു സംസ്ഥാനങ്ങളില്‍ നടന്ന നാല് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും ഒരു ലോക്‌സഭാ മണ്ഡല ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത പ്രഹരമേറ്റു. ബിഹാറില്‍ ആര്‍ജെഡിയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ മഹാസഖ്യവും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും വിജയിച്ചു. പശ്ചിമബംഗാളിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ അസന്‍സോള്‍ ലോക്‌സഭാ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. വര്‍ഗീയ കലാപാസൂത്രകര്‍ക്കും വിദ്വേഷ പ്രചാരകര്‍ക്കും മതനിരപേക്ഷ ബോധമുള്ളവര്‍ ഏല്പിച്ച പ്രഹരമാണിത്.