Site iconSite icon Janayugom Online

നിലം പൊത്തി ചൊക്രമുടിയിലെ ചീട്ടുകൊട്ടാരം: റവന്യൂ മന്ത്രിയെ കണ്ടിട്ടില്ല; പ്രചാരണത്തിന് പിന്നിൽ ഗൂഢലക്ഷ്യം

തൊടുപുഴ: റവന്യൂ മന്ത്രിയെ കണ്ടിട്ടില്ലെന്ന് ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിബി ജോസഫ്. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ഓഡിയോകൾ വ്യാജമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന എം ആർ രാമകൃഷ്ണനിൽ നിന്ന് 12 ഏക്കർ എഴു ലക്ഷം രൂപക്ക് വാങ്ങിയിരുന്നു. അതിന് വേണ്ടത്ര രേഖകൾ ഇല്ലെന്ന് മനസിലായതിനാൽ വഞ്ചനാകുറ്റത്തിന് രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ കയ്യേറ്റ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിന്റെ കാരണം ഇതാണെന്നും സിബി ജോസഫ് പറഞ്ഞു. 

‘ചൊക്രമുടി കയ്യേറ്റം’ എന്നു പ്രചരിക്കുന്ന മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ചൊക്രമുടിയിലെ 14. 69 ഏക്കർ സ്ഥലത്തിന് പട്ടയങ്ങള്‍ ലഭിച്ചിട്ടുള്ളതാണ്. അതിന്റെ എല്ലാ രേഖകളും കൈവശമുണ്ട്. എറണാകുളം സ്വദേശിയായ മൈജോ എന്നയാളില്‍ നിന്നും വാങ്ങിയതാണ് ഈ ഭൂമി ഇതില്‍ 3. 5 ഏക്കര്‍ ഭൂമി മാത്രമാണ് തന്റെ പേരിലുള്ളത്. പട്ടയമുള്ള ഭൂമിയാണെന്ന ഉറപ്പിലാണ് മൈജോയുടെ കൈയില്‍ നിന്ന് സ്ഥലം വാങ്ങി മറ്റുള്ളവര്‍ക്ക് വിറ്റത്.
സ്ഥലത്ത് കെട്ടിടനിർമാണം ആരംഭിച്ചപ്പോൾ മുതൽ പ്രാദേശിക നേതാക്കൾ പണം ആവശ്യപ്പെട്ട് എത്തിതുടങ്ങി. നാട്ടുനടപ്പല്ലേ എന്നു കരുതി ആദ്യം ചെറിയ സംഖ്യകൾ കൊടുക്കുമായിരുന്നു. പക്ഷേ 10 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചു. അതിന്റെ പരിണതിയാണ് ഇപ്പോഴത്തെ ആരോപണം. 

ഞാൻ വാങ്ങിയ സ്ഥലത്തിൽ എം ആർ രാമകൃഷ്ണന്റെ സ്ഥലം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് അയാൾ ജോൺസൺ, നാഗരാജ്, ആന്റണി എന്നിവരെയും കൂട്ടി വന്ന് പല വട്ടം ബഹളമുണ്ടാക്കി. അയാളുടെ സ്ഥലം ഈ ഭൂമിയോട് ചേർന്നു കിടക്കുന്നതാണ്. ഒടുവിൽ ആ സ്ഥലം കൂടി വാങ്ങി പ്രശ്നം ഒഴിവാക്കുകയായിരുന്നു ഞാൻ.
പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ എം വർഗീസ് വെള്ളക്കടലാസിൽ എഴുതികൊടുത്ത കൈമാറ്റ രേഖമാത്രമാണ് അതിനുള്ളത്. ജോൺസൺ, നാഗരാജ്, ആന്റണി എന്നിവരുടേത് കൂടിയാണ് ആ സ്ഥലമെന്നും പണം കിട്ടിയപ്പോൾ തങ്ങളെ ഒഴിവാക്കിയെന്നുമുള്ള കേസ് അവർ കൊടുത്തിട്ടുണ്ട്. ഞാൻ വാങ്ങിയ 14. 69 ഏക്കറിന് സമീപം നിരവധി കയ്യേറ്റമുണ്ട്. കോൺഗ്രസിന്റെ രണ്ട് വാർഡ് മെമ്പർമാർ ബൈസണ്‍വാലിയില്‍ തന്നെ 50 ഏക്കര്‍ കയ്യേറിയിട്ടുണ്ട്. അത് മറയ്ക്കാൻ വേണ്ടിഅവരും കൂട്ടാളികളും ചേര്‍ന്ന് വ്യാജ വ്യാജ പരാതിയാണ് എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയങ്ങളിൽ എല്ലാം വിശദമായ അന്വേഷണം വേണം. 

താന്‍ ഭൂമി കൈയേറിയതാണെങ്കില്‍ നടപടി സ്വീകരിക്കുകയും പ്രദേശത്തെ മുഴുവന്‍ പട്ടയങ്ങളുടെയും സാധുത പരിശോധിക്കുകയും വേണം. തന്റെ ഭൂമിയില്‍ 1965 മുതല്‍ റോഡുണ്ടായിരുന്നുവെന്നും അത് പുതുക്കി പണിയുകയാണ് ചെയ്തതെന്നും വന്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നു എന്നത് തെറ്റായ പ്രചാരണമാണ്.
സിപിഐ ജില്ലാ സെക്രട്ടറിക്കൊപ്പം പോയി റവന്യൂ മന്ത്രിയെ കണ്ടെന്നതൊക്കെ വ്യാജ പ്രചാരമാണ്. ഇപ്പോഴത്തെ കാലത്ത് ഇത്തരം ഓഡിയോ ഉണ്ടാക്കലൊക്കെ എളുപ്പമാണ്. പ്രചരിപ്പിക്കുന്ന ഓഡിയോയിലെ ശബ്ദം പരിശോധിച്ച് ഇതിൽ സ്ഥിരീകരണം വരുത്താമല്ലോ. സിപിഐ ജില്ലാ സെക്രട്ടറിയെ കണ്ടിട്ടുപോലും ഇല്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും അകലം പാലിക്കുന്ന ആളാണ് താനെന്നും സിബി ജനയുഗത്തോട് പറഞ്ഞു. 

Exit mobile version