Site iconSite icon Janayugom Online

കൺമുന്നിലുണ്ട് മാറ്റം; ചെങ്ങന്നൂരിൽ വികസനം വെറും വാക്കല്ല

ആര്‍ ശങ്കരനാരായണന്‍ തമ്പി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ വരിച്ച ചെങ്ങന്നൂരില്‍ ഇത്തവണയും വീശുന്നത്‌ ഇടതുകാറ്റ്‌. മന്ത്രി സജി ചെറിയാൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ വികസനം വെറും വാക്കല്ല. മത്സ്യ വിപണന സംസ്കരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ചെങ്ങന്നൂരിൽ ആധുനിക ഫിഷ് പ്രോസസിങ് സെന്റർ, ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തികളും ചെങ്ങന്നൂരിന്റെ വികസന സ്വപ്നമായ ആലാ പൂമലച്ചാൽ ടൂറിസം പദ്ധതി, മുളക്കുഴ താഴാംഭാഗം മത്സ്യഫെഡിന്റെ അത്യാധുനിക മൂല്യവര്‍ധിത ഉല്പാദന കേന്ദ്രം, ചെങ്ങന്നൂർ ജില്ലാ ജില്ലാ സ്റ്റേഡിയം തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ മണ്ഡലത്തിന്റെ മുഖഛായ മാറ്റി. ഈ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് എൽഡിഎഫ് ഇത്തവണയും വോട്ട് ചോദിക്കുക. 

1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പിയാണ്‌ വിജയം നേടിയത്‌. അദ്ദേഹം കേരള നിയമസഭയിലെ സ്‌പീക്കറുമായി. അങ്ങനെ ആദ്യ സ്‌പീക്കറെ സംഭാവന ചെയ്‌ത ചെങ്ങന്നൂര്‍ ചരിത്രത്തിന്റെ ഭാഗമായി. 1960 ല്‍ സിപിഐയിലെ ആര്‍ രാജശേഖരന്‍തമ്പിയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിലെ കെ ആര്‍ സരസ്വതിയമ്മ വിജയിച്ചു. 65 ലും സരസ്വതിയമ്മ വിജയം ആവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരസ്വതിയമ്മ കോണ്‍ഗ്രസിലെ എന്‍ ആര്‍ കൃഷ്‌ണപിള്ളയെയാണ്‌ പരാജയപ്പെടുത്തിയത്‌. 1967 ലും 70 ലും സി പി എമ്മിലെ പി ജി പുരുഷോത്തമന്‍പിള്ള ഇവിടെ വിജയിച്ചു. 67 ല്‍ കോണ്‍ഗ്രസിലെ എന്‍ എസ്‌ കെ പിള്ളയും 70 ല്‍ കേരളാ കോണ്‍ഗ്രസിലെ സരസ്വതി രുഗ്മിണിയുമാണ്‌ പരാജയപ്പെട്ടത്‌. 1977 ല്‍ എന്‍ ഡി പി സ്ഥാനാര്‍ത്ഥി എസ്‌ തങ്കപ്പന്‍പിള്ള കേരളാ കോണ്‍ഗ്രസിലെ കെ ആര്‍ സരസ്വതിയമ്മയെ പരാജയപ്പെടുത്തി. 

1980 ല്‍ എന്‍ ഡി പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ആര്‍ സരസ്വതിയമ്മ കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ തോമസ്‌ കുതിരവട്ടത്തേയും പരാജയപ്പെടുത്തി. 82 ല്‍ സി പി എമ്മിലെ പി കെ നമ്പ്യാരെ പരാജയപ്പെടുത്തി എന്‍ ഡി പിയിലെ എസ്‌ രാമചന്ദ്രപിള്ള വിജയിച്ചു. 1987 ല്‍ രാമചന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്‌ എസിലെ മാമന്‍ ഐപ്പ്‌ വിജയിച്ചു. 1991 ല്‍ മാമന്‍ഐപ്പിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജ്ജ്‌ വിജയിച്ചു. 1996 ലും 2001 ലും ശോഭനാ ജോര്‍ജ്ജ്‌ വിജയം ആവര്‍ത്തിച്ചു. 1996 ല്‍ മാമന്‍ ഐപ്പും 2001 ല്‍ സിപിഐ എമ്മിലെ കെ കെ രാമചന്ദ്രന്‍നായരും ആയിരുന്നു എതിരാളികള്‍.

2006 ല്‍ കോണ്‍ഗ്രസിലെ പി സി വിഷ്‌ണുനാഥ്‌ സി പി എമ്മിലെ സജി ചെറിയയാനെ പരാജയപ്പെടുത്തി. 2011 ലും വിഷ്‌ണുനാഥ്‌ വിജയം ആവര്‍ത്തിച്ചു. സി പി എമ്മിലെ സി എസ്‌ സുജാതയായിരുന്നു എതിരാളി. 2016 ൽ കെ കെ രാമചന്ദ്രന്‍ നായരിലൂടെ സിപിഐ എം മണ്ഡലം പിടിച്ചു. പി സി വിഷ്ണുനാഥിനെ 7,983 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2018ൽ കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപ തെരെഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥി സജി ചെറിയാൻ 20,956 വോട്ടുകൾക്ക് കോൺഗ്രസിന്റെ ഡി വിജയകുമാറിനെ പരാജയപ്പെടുത്തി. പിഎസ് ശ്രീധരൻ പിള്ള 35,270 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 2021 ലെ തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയം ആവർത്തിച്ചു. കോൺഗ്രസിലെ എം മുരളിയെ 32,093 വോട്ടുകൾക്കാണ് സജി ചെറിയാൻ പരാജയപ്പെടുത്തിയത് . എം വി ഗോപകുമാർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.
ചെങ്ങന്നൂര്‍ നഗരസഭയും തിരുവന്‍വണ്ടൂര്‍, ആല, മുളക്കുഴ, പുലിയൂര്‍, പാണ്ടനാട്‌, മാന്നാര്‍, വെണ്‍മണി, ചെന്നിത്തല‑തൃപ്പെരുന്തുറ, ചെറിയനാട്‌, ബുധനൂര്‍ പഞ്ചായത്തുകള്‍ ചേരുന്നതാണ്‌ മണ്‌ഡലം.

Exit mobile version