Site iconSite icon Janayugom Online

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റിൽ

ബംഗളുരുവിൽ ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കൊലപാതകത്തിൽ ബംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് യുവാവിനെ പിടികൂടുന്നത്. രക്തത്തിൽ കുളിച്ച നിലയിൽ യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് തടഞ്ഞ് നിർത്തിയപ്പോഴാണ് സ്കൂട്ടറിന്‍റെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിൽ ഒരു സ്ത്രീയുടെ തല കാണുന്നത്. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് തന്‍റെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.

26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി. ഇവർക്ക് മൂന്ന് വയസുള്ള ഒരു കു‍ഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടു. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓർത്ത് മാനസ തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായി. ഒടുവിൽ ഇവരെ ശങ്കർ മഴു ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

Exit mobile version