Site iconSite icon Janayugom Online

രണ്ട് തവണ നോട്ടീസയച്ചിട്ടും ചോദ്യം ചെയ്യിലിന് ഹാജരായില്ല; അനില്‍ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 1400 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇ ഡിയുടെ നടപടി. അനിൽ അംബാനിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി ഇ ഡി രണ്ടു തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഹാജരാകാതിരുന്നതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇ ഡി കണ്ടുകെട്ടുന്ന ആസ്തികളുടെ മൊത്തം മൂല്യം 9,000 കോടി രൂപയായി ഉയർന്നു.

ജയ്പൂർ‑രീംഗസ് ഹൈവേ പ്രോജക്റ്റിൽ നിന്ന് 40 കോടി രൂപ വിദേശത്തേക്ക് കടത്താൻ അനിൽ അംബാനി ഗ്രൂപ്പ് ശ്രമിച്ചതായാണ് ഇ ഡി ആരോപിക്കുന്നത്. സൂറത്തിലെ ഷെൽ കമ്പനികൾ വഴി ഈ പണം ദുബായിലേക്ക് കടത്തിയതായി ഇ ഡി കണ്ടെത്തി. 600 കോടി രൂപയിലധികം വരുന്ന ഒരു വലിയ അന്താരാഷ്ട്ര ഹവാല ശൃംഖലയുടെ ഭാഗമാണ് ഈ കേസ് എന്നും ഇ ഡി സംശയിക്കുന്നു. റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി അടുത്തിടെ 4,462 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. ഇതിനു പുറമെ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ബാങ്ക് ലോൺ കേസുമായി ബന്ധപ്പെട്ട് നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ ഏകദേശം 132 ഏക്കർ ഭൂമിയും കണ്ടുകെട്ടിയിരുന്നു. ഈ ഭൂമിയുടെ മൂല്യം ഏകദേശം 7,545 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.

തട്ടിപ്പ്, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തി സി ബി ഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിനെ തുടർന്നാണ് ആർകോം ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം ആരംഭിച്ചത്. 2010 നും 2012 നും ഇടയിൽ ഇന്ത്യൻ, വിദേശ ബാങ്കുകളിൽ നിന്ന് 40,000 കോടി രൂപയിലധികം വായ്പയെടുത്ത ആർകോമും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് ഈ അന്വേഷണത്തിന്റെ പരിധിയിൽ വന്നത്. വായ്പ നൽകിയ ബാങ്കുകൾ ഈ വായ്പാ അക്കൗണ്ടുകളിൽ അഞ്ചെണ്ണം പിന്നീട് തട്ടിപ്പായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version