അസമില്‍ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. അറുപതുകാരനായ ബ്രിതേഷ് ഹാജോംഗാണ് ഭാര്യ ബൈജയന്തി (50) യെ കൊലപ്പെടുത്തിയത്. ചിരാൻഗ് ബിജിനിയിലെ നോർത്ത് ബല്ലാംഗുരി ഏരിയയിലാണ് സംഭവം. വാക്കുതർക്കത്തിനിടെയായിരുന്നു കൊല.
ബ്രിതേഷ് നിരന്തരം ഭാര്യയുമായി വഴക്കിട്ടിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ശനിയാഴ്ചയും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ബ്രിതേഷ് കത്തിയെടുത്ത് വൈജയന്തിയുടെ തലയറത്തത്. മക്കളുടെ മുന്നിൽവച്ചായിരുന്നു കൊലപാതകം.
തുടർന്ന് അറുത്തെടുത്ത തലയുമായി ബല്ലാംഗുരി പൊലീസ് പട്രോളിങ് പോയിന്റിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ചിരാഗ് എസ്പി അക്ഷത് ഗാർഗ് പറഞ്ഞു. ബ്രിതേഷിനെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്ത് വരികയാണെന്നും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി പറഞ്ഞു. വൈജയന്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. ബിഎൻഎസ് 103 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊലയ്ക്കുപയോഗിച്ച ആയുധവും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു.

