Site iconSite icon Janayugom Online

‘സമൂഹ മാധ്യമങ്ങളിൽ അരങ്ങേറ്റം കുറിച്ചത് മഹാനായവരെ വ്യക്തിഹത്യ ചെയ്‌ത്’; വി ടി ബൽറാമിനെതിരെ എം ബി രാജേഷ്

എ കെ ജി ഉൾപ്പടെയുള്ള മഹാന്മാരെ വ്യക്തിഹത്യ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ അരങ്ങേറ്റം കുറിച്ചയാളാണ് വി ടി ബൽറാം എന്ന് പരിഹസിച്ച് മന്ത്രി എം ബി രാജേഷ് . സാമൂഹിക മാധ്യമങ്ങളെ ഒരിക്കലും അന്തസ്സുള്ള രാഷ്ട്രീയ വിമർശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്ത ഒരാളെയാണ് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ തലവനായി നിശ്ചയിച്ചത്. രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിന്റെ നെറുകയിലും. അപ്പോഴതാ, കേരളത്തിലെ കെ പി സി സി ഡിജിറ്റൽ മീഡിയാ വിഭാഗത്തിന്റെ വക ബി ജെ പിക്ക് ഒരു ആയുധം ബിഹാറിലേക്ക് എറിഞ്ഞു കൊടുക്കുന്നുവെന്നും രാജേഷ് പറഞ്ഞു.

മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആർ മീരയെ വിളിച്ചത് എന്തായിരുന്നുവെന്ന് മറക്കാമോ? ബെന്യാമിനെ ? സ്വന്തം പാർട്ടി പ്രസിഡൻ്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും സാമൂഹിക മാധ്യമങ്ങളിൽ കൈകാര്യം ചെയ്തത് എത്ര ഹീനമായായിരുന്നു. മുഖ്യമന്ത്രിയെ പിന്നെ നിരന്തരമായി അധിക്ഷേപിക്കലാണ്. ശ്രീ. ജി സുകുമാരൻ നായരെ ആക്ഷേപിച്ചത് പെരുന്നയിലെ കോപ്പ് എന്നായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരായ അധിക്ഷേപം വാളയാർ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവൻ എന്നായിരുന്നു. ഒടുവിൽ സി ബി ഐ അന്വേഷിച്ച് സത്യം കോടതിയിൽ സമർപ്പിച്ചപ്പോഴും അദ്ദേഹം സ്വന്തം അധിക്ഷേപങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. കണ്ണിൽ കാണുന്ന വിയോജിപ്പുള്ള വ്യക്തികളെ മുഴുവൻ അധിക്ഷേപിക്കുന്നത് ശീലമാക്കിയ ആൾക്ക് ഡിജിറ്റൽ മീഡിയ തലവനായി സ്ഥാനക്കയറ്റം നൽകി പ്രോൽസാഹിപ്പിക്കുകയായിരുന്നോ ചെയ്യേണ്ടിയിരുന്നത്? ഇങ്ങനെ മനുഷ്യരെ മുഴുവൻ അപമാനിക്കരുതെന്ന് തിരുത്തുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നതെന്നും രാജേഷ് ചോദിച്ചു.

Exit mobile version