Site iconSite icon Janayugom Online

കേന്ദ്ര മന്ത്രി വിളിച്ച യോഗത്തില്‍ സംസാരിക്കാന്‍ വിട്ടില്ല; കര്‍ഷകരെ അവഹേളിക്കുന്ന നടപടി: മന്ത്രി പി പ്രസാദ്

കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര കൃഷിമന്ത്രി വിളിച്ച യോഗത്തില്‍ കേരളം ഉള്‍പ്പെടെ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് സംസാരിക്കുവാന്‍ പോലും അവസരം നല്‍കാതെ യോഗം അവസാനിപ്പിച്ചു. ഇന്ന് മന്ത്രി ശിവരാജ് സിങ് ചൗഹാൻ വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് അവസരനിഷേധമുണ്ടായത്. 10.30ഓടെ ആരംഭിച്ച യോഗത്തില്‍ എല്ലാ സംസ്ഥാന മന്ത്രിമാര്‍ക്കും വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൃത്യമായ ക്രമത്തിലല്ലാതെ സംസ്ഥാന മന്ത്രിമാരെ വിളിക്കുകയും ഒന്നേകാല്‍ മണി ആയപ്പോള്‍ യോഗം നിര്‍ത്തുകയുമായിരുന്നു. കേരളത്തിന് പുറമേ പ്രതിപക്ഷ ഭരണമുള്ള തമിഴ്‌നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് അവസരം ലഭിക്കാതിരുന്നത്. ബജറ്റ് വിഹിതമുള്‍പ്പെടെ നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചില്ല.

കേരളത്തിന്റെ കാർഷിക പ്രശ്നങ്ങൾ അവതരിപ്പിക്കുവാൻ അവസരം നൽകാത്തതിൽ മന്ത്രി പി പ്രസാദ് പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്തെ കർഷകരെ അവഹേളിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ബജറ്റിനു മുന്നോടിയായി സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ തേടി എന്ന് വരുത്തുക മാത്രമാണ് ഉണ്ടായതെന്നും കാർഷികപ്രശ്നങ്ങൾ വേണ്ടത്ര ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ മുമ്പ് നിരവധി തവണ ശ്രമിച്ചിട്ടും അനുമതിയുണ്ടായില്ല. കേന്ദ്ര നയങ്ങളിലേറെയും കർഷക വിരുദ്ധമാണ്. എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരം കാർഷികോല്പന്നങ്ങളുടെ ഉല്പാദന ചെലവിന് ആനുപാതികമായ താങ്ങുവില നിശ്ചയിക്കുന്നതിൽ കാട്ടുന്ന വിമുഖത, രാസവളങ്ങളുടെ ഉയർന്ന വില, ആവശ്യത്തിന് രാസവളം അനുവദിക്കാതെ ഉണ്ടാക്കുന്ന ക്ഷാമം, കാർഷിക കൂട്ടായ്മകളായ എഫ്‌പിഒകളെ കോർപറേറ്റുകളുമായും സ്റ്റോക്ക് എക്സ്ചേഞ്ചുമായും ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ മേഖലയെ തകർക്കും.

നെല്ല്, തെങ്ങ്, ഏലം, കുരുമുളക്, കാപ്പി, റബ്ബർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വന്യമൃഗശല്യം പരിഹരിക്കുവാൻ നടപടികൾ, കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കാർഷിക നഷ്ടങ്ങൾ പരിഹരിക്കുവാൻ പ്രത്യേക പാക്കേജുകൾ തുടങ്ങിയവ കേന്ദ്രത്തിൽ നിന്നും ലഭ്യമാകേണ്ട അടിയന്തര ആവശ്യങ്ങളാണ്. തങ്ങളുടെ നിലപാടുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം നിഷേധിച്ചതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര വിവേചനമാണ് വെളിവാക്കപ്പെട്ടത്. രാഷ്ട്രീയപ്രേരിതമായ ഇത്തരം നിലപാടുകൾക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.

Exit mobile version