Site iconSite icon Janayugom Online

അവന്‍ ഒറ്റയ്ക്കായിരുന്നില്ല; ആര്‍ജി കര്‍ പീഡനക്കേസിലെ ശിക്ഷാ വിധിയില്‍ പ്രതികരിച്ച് ഇരയുടെ അമ്മ

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി സഞ്ചയ് റോയിയുടെ ശിക്ഷാ വിധി പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി വനിതാ ഡോക്ടറുടെ മാതാവ്. ശിക്ഷാവിധിയെ സ്വാഗതം ചെയ്ത ഇരയുടെ അമ്മ, കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്ത് ശിക്ഷിക്കുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് പ്രതികരിച്ചു. 

”ശാസ്ത്രീയ തെളിവുകളിലൂടെയാണ് സഞ്ചയ് റോയ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. എന്റെ മകളെ ദ്രോഹിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നതിന്റെ തെളിവാണ് വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിലെ അവന്റെ മൗനം. പക്ഷേ അവന്‍ ഒറ്റയ്ക്കായിരുന്നില്ല. ഇനിയും പിടിയിലാകാത്ത പ്രതികളുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ലെന്നും” ഇരയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തങ്ങളുടെ ജീവിതാവസാനം വരെ താനും തന്റെ ഭര്‍ത്താവും നീതിക്കായി പോരാടുമെന്നും അവര്‍ പറഞ്ഞു. 

”കേസ് പൂര്‍ണമായിട്ടില്ല. ഞങ്ങളുടെ മകളുടെ കൊലപാതകത്തില്‍ പങ്കാളികളായ മറ്റുള്ളവരെക്കൂടെ ശിക്ഷിച്ചാല്‍ മാത്രമേ അത് പൂര്‍ണമാകുകയുള്ളൂ. ആ ദിവസത്തിനായ് ഞങ്ങള്‍ കാത്തിരിക്കുകയാണ്. ആ ദിവസം െത്തുന്നത് വരെ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. അത് മാത്രമാണ് ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും” അവര്‍ പറഞ്ഞു. 

കേസില്‍ സഞ്ചയ് റോയ് കുറ്റക്കാരനാണെന്ന് സീല്‍ദാ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനിര്‍ബാന്‍ ദാസ് പറഞ്ഞു. 

Exit mobile version