Site iconSite icon Janayugom Online

‘തൃശൂരിൽ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു; ജനക്കൂട്ടത്തെ ആകർഷിക്കാൻ പറ്റിയ നേതാക്കളില്ല’

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയില്‍ വീണ്ടും പരസ്യ വിമര്‍ശനവുമായി കെ മുരളീധരന്‍. നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ തന്നോട് കയറാന്‍ പറഞ്ഞെന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരിഹാസം. അതിന് മുന്നില്‍ നിന്നത് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ അടക്കമുള്ളവരാണെന്ന് പ്രവീണിനെ വേദിയിലിരിത്തി കൊണ്ട് മുരളീധരന്‍ തുറന്നടിച്ചു. തൃശൂരില്‍ വോട്ടുകള്‍ ബിജെപിക്ക് പോയത് വിദ്വാന്‍മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. 

നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ജനക്കൂട്ടത്തെ ആകർഷിക്കാൻ പറ്റിയ നേതാക്കൾ കേരളത്തിലില്ല . രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്. തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതിയും ഇന്ന് കോൺഗ്രസിലില്ല. ഒന്നിച്ചു നിൽക്കേണ്ട കാലമായതിനാൽ കൂടുതൽ പറയാനില്ല. പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവിൽ ബിജെപി ‑സിപിഐ(എം) ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു കെ മുരളീധരന്റെ പ്രസ്താവന. അടുത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണം. മാക്‌സിമം സീറ്റ് കോഴിക്കോട്ടു നിന്നും വിജയിക്കണം. തൃശൂരില്‍ തനിക്ക് അത്ര പ്രതീക്ഷയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് മുഖ്യമന്ത്രി കരുതിയത്. കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയിട്ടില്ല. കേന്ദ്രസഹായം വൈകുന്നതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

Exit mobile version