പത്താം ക്ലാസുകാരിയെ ലഹരി നൽകി പീഡനത്തിന് ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പെൺകുട്ടിക്ക് ഡയറി മിൽക്കിൽ ലഹരി ചേർത്ത് നൽകി പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘം കൊച്ചി നഗരത്തിലെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു.
നഗരത്തില്‍ ലഹരി കച്ചവടത്തിനും പുതിയ ഇരകളെ കണ്ടെത്തുന്നതിനും ആയി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംഘമായതിനാൽ തങ്ങൾ നിസ്സഹായരാണ് എന്നാണ് പൊലീസ് പറയുന്നത്. വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് ലഹരി സംഘത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നത്.

