Site iconSite icon Janayugom Online

‘ജനങ്ങളെ വിഡ്ഢികളാക്കുന്നയാൾ ഏറ്റവും മികച്ച നേതാവാകുന്നു’; രാഷ്ട്രീയത്തില്‍ സത്യം പറയാൻ അനുവാദമില്ലെന്നും ഗഡ്കരി

രാഷ്ട്രീയത്തില്‍ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കുന്നത് നിരോധിക്കപ്പെടുന്നുവെന്നും ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നാഗ്പുരിൽ അഖിലഭാരതീയ മഹാനുഭവ പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

“ഞാൻ ജോലി ചെയ്യുന്ന മേഖലയിൽ പൂര്‍ണഹൃദയത്തോടെ സത്യം സംസാരിക്കാൻ അനുവാദമില്ല. ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച നേതാവാകാന്‍ കഴിയുന്നു. എന്നാൽ ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീതയിൽ എഴുതിയതുപോലെ സത്യത്തിന്‍റേതായിരിക്കും അന്തിമ വിജയം. കുറുക്കുവഴികള്‍ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കാം, പക്ഷേ, ദീര്‍ഘകാല വിശ്വാസ്യതയെ അത് ദുര്‍ബലപ്പെടുത്തുന്നു. സത്യസന്ധത, വിശ്വാസ്യത, സമര്‍പ്പണം, തുടങ്ങിയ മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തണം” ‑ഗഡ്കരി പറഞ്ഞു.

എന്തും നേടിയെടുക്കാന്‍ കുറുക്കുവഴിയുണ്ട്. കുറുക്കുവഴികളിലൂടെ ഒരു വ്യക്തി കൂടുതല്‍വേഗത്തില്‍ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാനുഭവ വിഭാഗത്തിന്റെ സ്ഥാപകനായ ചക്രാധര്‍ സ്വാമി പകർന്നുനൽകിയ മൂല്യങ്ങൾ എല്ലാവരും ജീവിതത്തില്‍ പിന്തുടരണം. സത്യം, അഹിംസ, മാനവത, സനമത്വം എന്നിയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. ജനങ്ങൾ അംഗീകരിച്ച ആരും സ്വേഛാധിപതികളല്ലെന്ന് ചരിത്രം കാണിച്ചുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version