Site iconSite icon Janayugom Online

ബൈക്കിലെത്തി മാല പൊട്ടിക്കും, പിന്നാലെ കഞ്ചാവ് വാങ്ങും; പത്തനംതിട്ടയിൽ യുവാക്കൾ പിടിയിൽ

കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിലും സ്കൂട്ടറിലും കറങ്ങി ഭീകരാന്തരീക്ഷമുണ്ടാക്കി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പത്തനംതിട്ട കോന്നിയിൽ പിടിയിൽ. തണ്ണിത്തോട് സ്വദേശി വിമൽ സുരേഷും, വടശ്ശേരിക്കര സ്വദേശി സൂരജ് എം നായരുമാണ് അറസ്റ്റിലായത്. കോന്നി ഇൻസ്പെക്ടർ പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡൽഹിയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം 20ന് പട്ടാപ്പകൽ കോന്നി ആഞ്ഞിലക്കുന്നിൽ വച്ചായിരുന്ന മാല പൊട്ടിക്കാനുള്ള പ്രതികളുടെ ആദ്യ ശ്രമമുണ്ടായത്. പിന്നീട് വൈകുന്നേരവും തൊട്ടടുത്ത ദിവസവും ഇരുചക്ര വാഹനങ്ങളിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു. മൂന്നു തവണയും പ്രതികൾ പകൽ തന്നെയാണ് മോഷണം നടത്തിയിരുന്നത്. 

നമ്പർ പ്ലേറ്റ് മറച്ചും ബൈക്കും സ്കൂട്ടറും മാറിമാറി ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ കോന്നി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ലഹരിക്ക് അടിമയായ യുവാക്കളായ പ്രതികൾ മോഷണം ശ്രമങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് കഞ്ചാവ് മേടിക്കാൻ പോവുകയായിരുന്നു. ഡൽഹിയിൽ നിന്നുള്ള തിരികെ യാത്രയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുപയോഗിച്ചും പ്രതികളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്. 

Exit mobile version