Site iconSite icon Janayugom Online

കുട്ടികള്‍ക്കുള്ള ആരോഗ്യപരിപാടി; സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ഇനി കൈകോര്‍ക്കും

സംസ്ഥാനത്ത് സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ഇനി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികാസത്തിനായി ആരോഗ്യവകുപ്പ് ആവിഷ്ക്കരിക്കുന്ന സ്കൂള്‍ ആരോഗ്യപരിപാടി നടപ്പാകുന്നതോടെ അതാത് പ്രദേശത്തുള്ള കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയും സ്കൂളുകളും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കേന്ദ്രങ്ങളില്‍ സ്ഥാപന പരിധിയിലുള്ള സ്കൂളുകളുടെ പൂര്‍ണ വിവരം തയ്യാറാക്കും. വിദ്യാലയങ്ങളില്‍ ആരോഗ്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ സൂക്ഷിക്കും. 

വിദ്യാഭ്യാസ, വനിത ശിശുവികസന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, സ്കൂൾ പിടിഎ എന്നിവ ഇതാനായി സഹകരിക്കും. സ്കൂള്‍ കുട്ടികളുടെ ശാരീരിക‑മാനസിക ആരോഗ്യ സംരക്ഷണത്തിനായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. വിദ്യാഭ്യാസ കാലത്ത് തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പഠന പരിമിതികൾ, കാഴ്ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇടപെടൽ നടത്തുകയും ചെയ്യും. 

കുട്ടികളുടെ ആരോഗ്യ സ്ക്രീനിങ്, ശാരീരിക‑മാനസിക, സാമൂഹ്യ, ആരോഗ്യമേഖലകളില്‍ വിശദമായ ബോധവല്‍ക്കരണം നല്‍കുക, സ്വഭാവ രൂപീകരണം വരുത്തുക, അയണ്‍ഗുളിക, വിരനിര്‍മാര്‍ജന ഗുളിക, സാനിട്ടറി നാപ്കിന്‍ മുതലായവ കുട്ടികള്‍ക്ക് നല്‍കുക, ഇലക്ട്രോണിക് ആരോഗ്യ രേഖകള്‍ തയ്യാറാക്കുക, പ്രഥമ ശ്രൂശുഷ നൈപുണ്യം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കുക എന്നീ അഞ്ച് പ്രധാന മേഖലകളില്‍ ഉള്‍പ്പെടുന്ന വിശദ പരിപാടികളും ഘടകങ്ങളും കൂട്ടിച്ചേര്‍ത്തായിരിക്കും പദ്ധതി രൂപീകരിക്കുന്നത്. വിവിധ ക്ലാസുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍, ആരോഗ്യക്ലബ് പ്രവര്‍ത്തനങ്ങള്‍ മുതലായവ വഴി വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ അവബോധം വര്‍ധിപ്പിക്കും. പദ്ധതിയുടെ കരട് രേഖ തയ്യാറാക്കല്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളുടെ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

Eng­lish Summary;Health care for chil­dren; Schools and health cen­ters will now join hands
You may also like this video

Exit mobile version