Site iconSite icon Janayugom Online

ആരോഗ്യ ജാഗ്രത അത്യാവശ്യം

കാലാവസ്ഥ മാറിമറിയുന്നതിനനുസരിച്ച് പലതരം രോഗങ്ങള്‍ പിടിമുറുക്കുകയാണ്. ആരോഗ്യ പരിപാലനരംഗത്ത് അത്യന്താധുനികമായ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം അധികൃതരില്‍ നിന്നുണ്ടായിട്ടുണ്ട്. മൂന്നുവര്‍ഷമായി ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നുവെന്ന അറിയിപ്പ് കഴിഞ്ഞ ദിവസമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ഇന്നലെ 796 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 109 ദിവസങ്ങള്‍ക്കു ശേഷം രോഗികളുടെ എണ്ണം 5,000 കടന്നു. കഴിഞ്ഞ നവംബര്‍ 12ന് 734 രോഗികളായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന എണ്ണം. ബുധനാഴ്ച 700 രോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. സജീവരോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്, 5,026. രോഗമുക്തി നിരക്ക് 98.80 ശതമാനമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിലുള്ളത്. എങ്കിലും കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണത്തിലും വ്യാപനത്തിലും നേരിയ വര്‍ധനയുണ്ടാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന്‍ എന്നിവ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.

ഇതിനു പുറമേ പകര്‍ച്ചപ്പനിയും വ്യാപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഏകദേശം കോവിഡിന്റെ അതേ ലക്ഷണങ്ങളോടെയാണ് ഈ പകര്‍ച്ചപ്പനിയും പിടികൂടുന്നത്. പനി, ശ്വാസ തടസം, ചുമ, തുമ്മല്‍, കഫക്കെട്ട് തുടങ്ങിയവ തന്നെയാണ് ഇതിന്റെയും ലക്ഷണങ്ങള്‍. രോഗം പടരുന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ ഇൻഫ്ലുവൻസ എ സബ്ടൈപ്പ് എച്ച്3എൻ2 വൈറസാണ് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. ലക്ഷണങ്ങള്‍ കോവിഡിന് സമാനമാണെങ്കിലും അതുമായി ഈ രോഗത്തിന് ബന്ധമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംശയം ദൂരീകരിക്കുന്നതിന് പല രോഗികള്‍ക്കും നിര്‍ദേശിച്ചതനുസരിച്ച് നടത്തിയ കോവിഡ് പരിശോധനാ ഫലം വിപരീതവുമായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്ക്കുന്നുവെന്ന പ്രത്യേകത ഈ രോഗത്തിനുണ്ട്. അപകടകരമായ സാഹചര്യം ഈ വൈറസുകള്‍ സൃഷ്ടിക്കുന്നില്ല. എങ്കിലും മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എന്‍2 കേസുകളില്‍ ഭൂരിഭാഗത്തിനും ആശുപത്രിവാസം വേണ്ടിവരുന്നു. പനിക്ക് സ്വയം ചികിത്സയെന്നത് ഇന്ന് വ്യാപകമായി നിലനില്ക്കുന്ന രീതിയാണ്. മരുന്ന് കടകളാണെങ്കില്‍ ആരോഗ്യ വിദഗ്ധരുടെ കുറിപ്പുകളില്ലാതെതന്നെ മരുന്നുകള്‍ നല്കാറുമുണ്ട്. അത് പൂര്‍ണമായും ഒഴിവാക്കണമെന്നും സ്വയം ചികിത്സിക്കരുതെന്നും വിദഗ്ധ നിര്‍ദേശത്തോടെ മാത്രമേ ചികിത്സ പാടുള്ളൂ എന്നുമുള്ള മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. പ്രായക്കൂടുതലും ശ്വാസകോശ രോഗങ്ങളുമുള്ളവര്‍ നിര്‍ബന്ധമായും ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍തന്നെ ചികിത്സ തേടണം. ഇപ്പോഴുണ്ടായിരിക്കുന്ന മരണങ്ങളില്‍ പലതും പ്രായക്കൂടുതലും ഇത്തരം രോഗങ്ങളും ഉള്ളവര്‍ക്കാണ് സംഭവിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.


ഇതുകൂടി വായിക്കൂ: കുട്ടികളിലെ കാൻസര്‍; അറിഞ്ഞിരിക്കേണ്ടത്


എച്ച്3എന്‍2 പകര്‍ച്ചപ്പനിയും കോവിഡും വര്‍ധിക്കുന്നുവെന്ന സാഹചര്യം ആരോഗ്യ ജാഗ്രത അനിവാര്യമാണെന്ന മുന്നറിയിപ്പ് കൂടിയാണ്. ലോകത്തെയാകെ മാസങ്ങളോളം ഭയപ്പെടുത്തുകയും നിശ്ചലമാക്കുകയും ചെയ്ത കോവിഡിന്റെ പിടിയില്‍ നിന്ന് ഒരു പരിധിവരെ നാം പുറത്തുകടന്നത് ആരോഗ്യരംഗത്ത് പുലര്‍ത്തിയ കരുതലും ജാഗ്രതയും കൊണ്ടാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. കോവിഡിനെ നേരിടുന്നതിലും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംവിധാനങ്ങള്‍ ഒരുക്കിയ സംസ്ഥാനമായിരുന്നു നമ്മുടേത്. എല്ലാവരും അടച്ചിരിക്കുന്ന വേളയിലും ഗ്രാമീണ മേഖലയില്‍ പോലും സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിച്ചു. ആരോഗ്യരംഗത്ത് മുന്‍കാല ഭരണാധികാരികള്‍ പണിതുവച്ചിരുന്ന അടിത്തറ ശക്തമായിരുന്നുവെന്നതിനാല്‍ അത്തരം സജ്ജീകരണങ്ങള്‍ ഒരുക്കുകയെന്നത് എളുപ്പവുമായി. അവയ്ക്കൊപ്പം ആരോഗ്യ പരിപാലന രംഗത്ത് കൈവരിച്ച നേട്ടങ്ങളും സാങ്കേതിക തികവുകളും ഒക്കെ ഉപയോഗിച്ചു. ഇതൊക്കെയാണെങ്കിലും നമ്മള്‍ എല്ലാവരും പുലര്‍ത്തിയ ജാഗ്രത അതിജീവനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട്. മുഖാവരണം ധരിച്ച് വര്‍ഷങ്ങളോളമാണ് നാം ജീവിച്ചത്. ഉറ്റവരെ പോലും അകന്നുനിന്നു. പിന്നീട് സാമൂഹ്യമായ അകലം പാലിച്ചു. പ്രതിരോധ കുത്തിവയ്പ് യഥാസമയം പൂര്‍ത്തിയാക്കുന്നതിനും സാധിച്ചു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്ധരും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശിച്ചിട്ടുള്ളത്. ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഉടന്‍ പരിശോധിക്കുകയും ചികിത്സ തേടുകയും വേണം. പകരാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം. അതനുസരിച്ച് കോവിഡ് കാലത്തെന്നതുപോലെ ആരോഗ്യ ജാഗ്രത പുലര്‍ത്തുന്നതിന് നാമെല്ലാവരും സന്നദ്ധമാകേണ്ടതുണ്ട്.

Exit mobile version