എലത്തൂരിലെ കടയിൽ നിന്ന് ചത്ത കോഴികളെ പിടികൂടിയ സംഭവത്തെത്തുടർന്ന് പരിശോധന കടുപ്പിച്ച് ആരോഗ്യവകുപ്പ് അധികൃതർ. ഇന്നലെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നഗരത്തിലെ 42 കടകളിൽ പരിശോധന നടത്തി. പുതിയങ്ങാടിയിലെ ഒരു കടയിൽ ഇന്നലെ ഇറക്കിയ ലോഡിൽ ചത്ത കോഴികളെ കണ്ടെത്തി. വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ കോഴികൾക്ക് അസുഖബാധയുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ഹെൽത്ത് സൂപ്പർവൈസർ ഷജിൽ കുമാർ വ്യക്തമാക്കി.
സ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ചത്ത കോഴികളെ കോഴി മാലിന്യം കൊണ്ടുപോകുന്ന ഫ്രഷ് കട്ട് ഏജൻസിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. മറ്റ് സ്ഥാപനങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ശുചിത്വമില്ലായ്മ, ഫ്രീസർ ഇല്ലാത്തവ, ഫ്രീസർ പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇവ പരിഹരിക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയങ്ങാടിയിൽ നാല് കടകളിൽ നടത്തിയ പരിശോധനയിൽ കോഴികളെ സൂക്ഷിക്കുന്ന കൂടുകളിൽ കൂടുതൽ കോഴികളെ കുത്തിനിറച്ചതിനാൽ പല കോഴികളും ചത്ത നിലയിലായിരുന്നുവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ കെ പറഞ്ഞു.
കോഴികളെ സൂക്ഷിക്കുന്ന കൂടിനെ ഒൻപത് എണ്ണമാക്കി മാറ്റി ക്രമീകരിച്ച് സൗകര്യമൊരുക്കിയിട്ടുണ്ട്. ദുർഗന്ധം പരക്കാതിരിക്കാൻ കോഴി മാലിന്യങ്ങൾ കൃത്യമായി ഫ്രീസറിൽ തന്നെ സൂക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാലിന്യം ഒഴികെ മുറിച്ച ഇറച്ചിയോ മറ്റോ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കോഴികളെ ഉപഭോക്താവിന് അവർക്ക് മുമ്പിൽ വെച്ച് കൊന്ന് മുറിച്ചു നൽകുകയാണ് വേണ്ടത്. കോഴികൾക്ക് ഒരുതരത്തിലുള്ള അസുഖബാധയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: Health department authorities with action; Inspection continues in chicken shops
You may also like this video