Site iconSite icon Janayugom Online

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരാന്ന ഭോജികള്‍; സിഇഒയുടെ കൊലപാതകം സമൂഹനന്മയ്ക്കെന്ന് പ്രതി

യുഎസിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ സിഇഒ ബ്രയന്‍ തോംസണിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ശതകോടീശ്വര കുടുംബാംഗമായ ലൂയിജി മാന്‍ഗിയോണാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കഴിഞ്ഞദിവസം പെന്‍സില്‍വാനിയയിലെ അല്‍റ്റൂണയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനികളോടുള്ള പ്രതിഷേധമാണ് ലൂയിജിയെ ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനികളോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്ന എഴുത്തുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു.

കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരാന്ന ഭോജികളാണെന്നും ഇവര്‍ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുകയാണെന്നും ലൂയിജിയില്‍ നിന്നും കണ്ടെടുത്ത മൂന്നുപേജുള്ള കുറിപ്പില്‍ പറയുന്നു. പ്രതിക്ക് ബ്രയന്‍ തോംസണിനോട് യാതൊരുതരത്തിലുള്ള വ്യക്തിവൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നതും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുണൈറ്റഡ് ഹെല്‍ത്ത് കെയറിനെയും മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെയും കുറിച്ചുള്ള പരാതികളാണ് തോംസണെ കൊല്ലാന്‍ മാംഗിയോണിനെ പ്രേരിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
യുഎസിന് ലോകത്തിലെ ഏറ്റവും ചെലവേറിയ ആരോഗ്യ പരിരക്ഷാ സംവിധാനം ഉണ്ടെങ്കിലും ആയുര്‍ദൈര്‍ഘ്യത്തില്‍ രാജ്യം 42-ാം സ്ഥാനത്താണെന്ന് മാംഗിയോണ്‍ എഴുതി. തീര്‍ത്തും ജനങ്ങള്‍ക്കായി ചെയ്ത കൊലപാതകം എന്ന തലത്തിലേക്കാണ് ബ്രയന്‍ തോംസണ്‍ കൊലപാതകം എത്തി നില്‍ക്കുന്നത്. ഈ രീതിയിലുള്ള സമൂഹമാധ്യമ ചര്‍ച്ചകളും വ്യാപകമായി നടക്കുന്നുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമായ അസുഖങ്ങളൊന്നും ലൂയിജിക്ക് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നടുവേദനമാത്രമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. പ്രമുഖ കുടുംബത്തിലെ അംഗമായ ലൂയിജിക്ക് ചികിത്സാ ചെലവുകളൊന്നും ഭാരിച്ചതായിരുന്നില്ല. ഈ മാസം നാലിനാണ് ബ്രയാന്‍ തോംസണെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക സമ്മേളനത്തിന് പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. സ്ഥലത്തുനിന്നും കണ്ടെടുത്ത വെടിയുണ്ടകളുടെ കവറില്‍ ഡെനി, ഡിഫന്‍ഡ്, ഡീപോസ് എന്നിങ്ങനെ വാക്കുകള്‍ കുറിച്ചിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കാന്‍ വേണ്ടി കമ്പനികള്‍ ഉപയോഗിക്കുന്ന സമവാക്യമാണിത്.
ബാള്‍ട്ടിമോര്‍ ഏരിയയിലുള്ള പ്രശസ്ത വ്യവസായ കുടുംബത്തിലെ അംഗമാണ് ലൂയിജി മാന്‍ഗിയോണ്‍. റിയല്‍ എസ്റ്റേറ്റ് അടക്കം വിവിധ മേഖലകളില്‍ ഇവരുടെ സ്ഥാപനങ്ങള്‍ പടര്‍ന്നുകിടക്കുന്നു. പ്രശസ്തമായ ഗില്‍മന്‍ സ്കൂളില്‍ നിന്നായിരുന്നു ലൂയിഗിയുടെ സ്കൂള്‍ പഠനം. തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പഠിക്കാന്‍ മിടുക്കനായിരുന്ന ലൂയിഗിയുടെ പ്രവര്‍ത്തി സുഹൃത്തുക്കളിലും അധ്യാപകരിലും ഒരു
പോലെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. അതേസമയം ഇതുവരെ പ്രതിയുടെ മേല്‍ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ലെന്നും എന്‍വൈപിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രചോദനം ഉനാബോംബര്‍

17 വര്‍ഷക്കാലം അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയ ഉനാബോംബര്‍ എന്നറിയപ്പെടുന്ന തിയോഡര്‍ കസിന്‍സ്കിയെ മാതൃകയാക്കിയാണ് ലൂയിജിയുടെ കൊലപാതകമെന്നും ന്യൂയോര്‍ക്ക് പൊലീസ് വിലയിരുത്തുന്നു. വ്യവസായവല്‍ക്കരണവും ആധുനിക സമൂഹവുമായിരുന്നു പരിസ്ഥിതിയെ പ്രാണനു തുല്യം സ്നേഹിച്ച കസിന്‍സ്കിയുടെ പ്രധാന ശത്രുക്കള്‍. അതിനോട് യുദ്ധം ചെയ്യാന്‍ വ്യത്യസ്തമായിരുന്ന ഒരു രീതിയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. കത്തുകളിലും പാഴ്സലുകളിലും ബോംബുകള്‍ ഒളിപ്പിച്ച് ആളുകളെ കൊല്ലുകയെന്നതായിരുന്നു കസിന്‍സ്കിയുടെ രീതി. ആദ്യകാല ആക്രമണങ്ങളില്‍ യൂണിവേഴ്സിറ്റികളെയും എയര്‍ലൈനുകളെയും ലക്ഷ്യം വച്ചതിനാലാണ് ഇദ്ദേഹത്തിന് ഉനാബോംബര്‍ എന്ന പേര് വന്നത്.
1978 മുതല്‍ 1996 വരെ കസിന്‍സ്കി നടത്തിയ വേട്ടയില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം രചിച്ച ഉനാബോംബര്‍ മാനിഫെസ്റ്റോയെന്ന പ്രശസ്തമായ വ്യാവസായിക സമൂഹവും അതിന്റെ ഭാവിയും എന്ന പുസ്തകം ലൂയിജിയെ സ്വാധീനിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ലൂയിജി പങ്കുവച്ചിരുന്നു.

Exit mobile version