Site iconSite icon Janayugom Online

മോഡി ചങ്ങാത്തത്തിൽ തഴച്ചുവളർന്ന ആരോഗ്യമാഫിയ

രാജ്യത്തിന്റെ പരമോന്നത കോടതി കർശന നടപടികളെടുക്കുന്നതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്ന സംരംഭമാണ് പതഞ്ജലി ആയുർവേദ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചങ്ങാത്തത്തിൽ വളർന്ന് പടർന്ന് പന്തലിച്ച ഗൗതം അഡാനിക്ക് സമാനമാണ് പതഞ്ജലിയുടെയും മുന്നേറ്റം. അഡാനിയെപ്പോലെ ദ്രുതവേഗത്തിലായിരുന്നു പതഞ്ജലിയുടെയും വളർച്ചയെന്നു കാണാവുന്നതാണ്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനുശേഷം മരുന്ന് കമ്പനികൾക്കും ആരോഗ്യ സംരംഭങ്ങൾക്കും ലഭിച്ച ഉദാരമായ പിന്തുണ എന്തുകൊണ്ടായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ പരമോന്നത കോടതിയുടെ സുപ്രധാനമായ ഇലക്ടറൽ ബോണ്ട് വിധിവരെ കാത്തിരിക്കേണ്ടി വന്നു എന്നത് മറ്റൊരു വിഷയമാണ്. പതഞ്ജലിയുടെ മുൻനിരക്കാരായ രാംദേവ്, ബാലകൃഷ്ണ എന്നിവരിൽ നിന്ന് അഡാനിയെ വ്യത്യസ്തനാക്കുന്നത് ഒരു കാര്യത്തിൽ മാത്രമാണ്. അഡാനി വാണിജ്യത്തിൽ ഗുജറാത്ത് സർവകലാശാലയിൽ ബിരുദപഠനം നടത്തിയിട്ടുണ്ട്. രണ്ടാം വർഷം അവസാനിപ്പിച്ചു എന്നുമാത്രം. എന്നാൽ പതഞ്ജലി കെട്ടിപ്പടുത്ത രാംദേവ്, ബാൽകൃഷ്ണ എന്നിവരുടെ വിദ്യാഭ്യാസം പ്രാഥമിക തലത്തിൽ അവസാനിച്ചു. രാംദേവ് എട്ടാം ക്ലാസിൽ പഠനം നിര്‍ത്തി ഹരിയാനയിലെ ഖാൻപൂർ ഗുരുകുലത്തിൽ നിന്ന് സംസ്കൃതവും യോഗയും പഠിച്ചുവെന്നാണ് കാണുന്നത്.


ഇതുകൂടി വായിക്കൂ:  ചില ചെറിയ വലിയ കാര്യങ്ങള്‍


ബാലകൃഷ്ണയാകട്ടെ നേപ്പാളിൽ നിന്ന് കുടിയേറിയ കുടുംബത്തിൽ നിന്നുള്ളതാണ്. ഇദ്ദേഹത്തിന്റെയും ആദ്യ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരങ്ങളില്ല. ഖാൻപൂർ ഗുരുകുലത്തിൽ പഠിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉത്തരാഖണ്ഡ് സംസ്കൃത സർവകലാശാല ബാലകൃഷ്ണയെ ഓണററി ഡോക്ടർ ഓഫ് ലിറ്ററേച്ചർ ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ എസ്-വ്യാസ ഡീംഡ് യൂണിവേഴ്സിറ്റി ഡോക്ടർ ഓഫ് ലെറ്റർ (യോഗ) (ഓണററിസ് കോസ) ബിരുദവും നൽകി. ഖാൻപൂർ ഗുരുകുലത്തിൽ നിന്ന് ഇരുവരും യോഗ പഠിച്ചതായാണ് വ്യക്തമാകുന്നത്. ഇവിടെ നിന്നാണ് രാംദേവും ബാലകൃഷ്ണയും കൂട്ടുകൂടുന്നത്. അതിനപ്പുറം ആയുർവേദ രംഗത്ത് എന്തെങ്കിലും യോഗ്യതകളോ ഗവേഷണ രംഗത്ത് വ്യവസ്ഥാപിതമായ അംഗീകാരങ്ങളോ നേടിയതായി അറിവില്ല. എങ്കിലും 2006ൽ ഇരുവരും ചേർന്ന് പതഞ്ജലി ആയുർവേദ എന്ന സംരംഭം ആരംഭിച്ചു. ഓഫിസ് ഡൽഹിയിലാണെങ്കിലും നിർമ്മാണ യൂണിറ്റുകളും മറ്റ് സ്ഥാപനങ്ങളും ഹരിദ്വാറിലെ വ്യവസായ മേഖലയിലാണ്. സൗന്ദര്യവർധക വസ്തുക്കൾ, ആയുർവേദ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പ്രധാന ഉല്പന്നങ്ങൾ. 2006ൽ രൂപീകരിക്കുന്ന ഘട്ടത്തിൽ ഒരു ബാങ്ക് അക്കൗണ്ട് പോലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു താനെന്ന് ബാലകൃഷ്ണ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അത്തരമൊരാൾക്ക് ദശകോടിക്കണക്കിന് രൂപ വായ്പയെടുത്ത് സംരംഭം ആരംഭിക്കുന്നതിന് സാധിച്ചു എന്നത് തന്നെ അവിശ്വസനീയമാണ്. 2007ൽ ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് പതഞ്ജലിയുടെ ദ്രുതവളർച്ച ആരംഭിക്കുന്നത്. അതിനിടയിൽ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ ആർഎസ്എസ് സ്പോൺസർഷിപ്പിൽ ആരംഭിച്ച അഴിമതിവിരുദ്ധ സമരത്തിലൂടെ രാംദേവ് ദേശീയ ശ്രദ്ധയിലുമെത്തുന്നു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ ഒത്താശയോടെ വ്യവസായ സാമ്രാജ്യത്തിന്റെ അടിത്തറയൊരുക്കിയ ഇരുവരുടെയും സംരംഭം 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ പുഷ്കലകാലത്തിലേക്ക് കടക്കുകയായിരുന്നു. നാം വളരെയധികമൊന്നും കേട്ടിട്ടില്ലാത്ത പതഞ്ജലി ദേശീയ ശ്രദ്ധയിലേക്ക് എത്തിയതും സാമ്പത്തികവളർച്ച കൈവരിച്ചതും അതിന് ശേഷമായിരുന്നുവെന്ന് പരിശോധിച്ചാൽ വ്യക്തമാകും. യോഗ പഠിപ്പിച്ചിരുന്ന രാംദേവിനെ മുൻനിർത്തിയാണ് മോഡി അധികാരത്തിലെത്തിയതിന് ശേഷം യോഗ ദിനാചരണവും യോഗ വ്യാപനവുമുണ്ടായത്. 2014ൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവയ്ക്കുകയും ഡിസംബർ 11ന് ഇന്ത്യന്‍ പ്രതിനിധി ജൂൺ 21 യോഗ ദിനമായി ആചരിക്കണമെന്ന പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 2015 ജൂൺ 21 മുതൽ യോഗ ദിനാചരണം ഔദ്യോഗികമാക്കപ്പെട്ടത്.


ഇതുകൂടി വായിക്കൂ:  കോവിഡ് വാക്സിന്റെ പേരില്‍ നടന്ന മരണവ്യാപാരം തുറന്നുകാട്ടപ്പെടുന്നു


അതുവരെ വ്യക്തികളും സംഘടനകളും നടത്തിവന്നിരുന്ന യോഗയ്ക്ക് ഔദ്യോഗിക പരിവേഷമുണ്ടായി എന്ന് മാത്രമല്ല രാംദേവിനെ പോലുള്ള സ്വയം പ്രഖ്യാപിത ആചാര്യന്മാരുടെ നേതൃത്വത്തിലുള്ള പഠന കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമാകുകയും ചെയ്തു. ഇതോടൊപ്പം മോഡി സർക്കാരിന്റെ ഒത്താശയോടെ പതഞ്ജലി ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു. ഏത് ഗവേഷണത്തിന്റെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് തങ്ങൾ അവകാശപ്പെടുന്ന ഗുണങ്ങൾ പത‍ഞ്ജലിയുടെ ആയുർവേദ മരുന്നുകൾക്ക് തെളിയിക്കപ്പെട്ടത് എന്ന് പരിശോധിക്കുവാൻ പോലും തയ്യാറാകാതെ മരുന്നുകളുടെ അവതരണം, ഉദ്ഘാടനം പോലുള്ള പരിപാടികൾക്ക് കേന്ദ്ര മന്ത്രിമാർതന്നെ കാർമികത്വം വഹിച്ചു. 2017ൽ ഹരിദ്വാറിൽ പതഞ്ജലി ആരംഭിച്ച ഗവേഷണ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. ലോകമാകെ കോവിഡ് മഹാമാരിയുടെ പിടിയിലമരുകയും ആരോഗ്യ വിദഗ്ധർ അതിനെതിരായ പ്രതിരോധ മരുന്നുകൾക്കുവേണ്ടിയുള്ള ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് കൊറോനീൽ എന്ന മരുന്ന് അവതരിപ്പിച്ച് പതഞ്ജലി രംഗത്തെത്തിയത്. 2021 ഫെബ്രുവരി 19ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിൽ വാർത്താ സമ്മേളനത്തിലായിരുന്നു മരുന്ന് അവതരിപ്പിച്ചതായി പ്രഖ്യാപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കോവിഡ്-19 കൈകാര്യം ചെയ്യുന്നതിനുള്ള രീതിശാസ്ത്രത്തിൽ ഇത് ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മരുന്നിന്റെ ആവിർഭാവത്തെ അനുകൂലിച്ച് രംഗത്തുവന്നു. എന്നാൽ മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കൽ പരീക്ഷണവിജയവും സംബന്ധിച്ച് പതഞ്ജലിക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുവാൻ സാധിച്ചില്ല. ഒമ്പത് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് ചെയ്തത്. കൂടാതെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചതാണ് കൊറോനീൽ എന്നും രാംദേവ് അവകാശപ്പെട്ടു. ഇത് വിവാദമായപ്പോൾ ഏതെങ്കിലും മരുന്നിന് അംഗീകാരം നൽകിയില്ലെന്ന് വ്യക്തമാക്കി ഡബ്ല്യുഎച്ച്ഒ രംഗത്തെത്തി. എങ്കിലും തെറ്റായ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുവാൻ ശ്രമിച്ച കമ്പനിക്കെതിരെ ബിജെപി സർക്കാരിൽ നിന്ന് എന്തെങ്കിലും നടപടിയുണ്ടായില്ല. എന്നുമാത്രമല്ല കമ്പനി അതിന്റെ മരുന്ന് വ്യാപാരം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ എന്ന നിലയിൽതന്നെ വ്യാപിപ്പിക്കുകയും വ്യാജ പരസ്യങ്ങളിലൂടെ കബളിപ്പിച്ച് വിറ്റഴിക്കുകയും ചെയ്തു. 2016ൽ രാജ്യത്ത് അതിവേഗം വളരുന്ന ബഹുരാഷ്ട്ര വൈവിധ്യ ഉല്പാദനസംരംഭമായി പതഞ്ജലി വളർന്നുവെന്നതിൽ നിന്നുതന്നെ മോഡിയുടെ അധികാര ആവിർഭാവം എത്രത്തോളം സഹായിച്ചു എന്ന് വ്യക്തമാകും. 2010–11ൽ കേവലം 1000 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാപനം 2014–15ൽ 2,006 കോടിയിലേക്കും 2015–16 ൽ 8,000 കോടിയിലേക്കും വളർന്നു. 2016–17ൽ 10,526, 2017–18ൽ 9,500, 2018–19ൽ 8,330 കോടി രൂപയും വരുമാനമുണ്ടാക്കിയ പതഞ്ജലിയുടെ വരുമാനം 2019–20ൽ 30,000 കോടി രൂപയായി കുതിച്ചുയർന്നു.


ഇതുകൂടി വായിക്കൂ:  ബിജെപിയുടെ മാര്‍ഗം വർഗീയ വിഭജനം തന്നെ


ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഇതര ആരോഗ്യ പരിപാലന രംഗങ്ങളെ അപഹസിച്ചും വില്പന തകൃതിയായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും സ്ഥാപനത്തിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിനുപോലും കേന്ദ്ര‑ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍(ഐഎംഎ) പതഞ്ജലിക്കെതിരെ പരമോന്നത കോടതിയിൽ പരാതി ഉന്നയിച്ചത്. ഈ വിഷയം പരിഗണിച്ച സുപ്രീം കോടതി പതഞ്ജലിയെ മാത്രമല്ല കേന്ദ്ര സർക്കാരിനെയും നിശിതമായി വിമർശിക്കുകയുണ്ടായി. പല തവണ ആക്ഷേപങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയുമെടുക്കാതിരുന്ന ഉത്തരാഖണ്ഡ് സർക്കാരിനെയും കോടതി വിമർശിച്ചു. എന്നിട്ടും എന്തെങ്കിലും പ്രതികരിക്കുന്നതിനു പോലും കേന്ദ്രസർക്കാർ തയ്യാറായില്ല എന്നതിൽ നിന്നുതന്നെ മോഡി-രാംദേവ് ചങ്ങാത്തത്തിന്റെ ബലം വ്യക്തമാണ്. സുപ്രീം കോടതിയിലെ കേസും പതഞ്ജലിയുടെ മാപ്പപേക്ഷയും മാധ്യമങ്ങളിൽ നിറയുമ്പോഴാണ് 27.46 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ അടയ്ക്കാത്തതിന് കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ജിഎസ്‌ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിന്റെ ചണ്ഡീഗഡ് മേഖലാ ഓഫിസാണ് നോട്ടീസ് നൽകിയത്. 2017ലെ കേന്ദ്ര ചരക്ക് സേവന നികുതി നിയമം, 2017ലെ ഉത്തരാഖണ്ഡ് സംസ്ഥാന ചരക്കുസേവന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അതായത് നികുതി അടയ്ക്കാതെ ഇത്രയുംനാള്‍ വീഴ്ച വരുത്തിയിട്ടും എന്തെങ്കിലും നടപടിയെടുക്കുന്നതിനും ബിജെപി സർക്കാരിന്റെ ധനവകുപ്പ് തയ്യാറായില്ലെന്നർത്ഥം. ബിജെപിയുടെ വഴിവിട്ട ചങ്ങാത്തത്തിന്റെയും സാമ്പത്തിക ബാന്ധവത്തിന്റെയും മറ്റൊരു ഉദാഹരണമാണ് പതഞ്ജലിക്കെതിരായ സുപ്രീം കോടതിയിലെ കേസിലൂടെ പുറത്തുവന്നിരിക്കുന്നത്.

Exit mobile version