12 June 2024, Wednesday

ചില ചെറിയ വലിയ കാര്യങ്ങള്‍

പി എ വാസുദേവൻ
കാഴ്ച
April 27, 2024 4:44 am

പാലക്കാടന്‍ ചൂട് എല്ലാ സര്‍ഗാത്മകതയെയും തളര്‍ത്തുന്നതുവരെ എത്തിയിരിക്കുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വസ്ഥതയില്ല. പകലുകള്‍ നരകമാവുന്നു. രാത്രി ദുഃസ്വപ്നങ്ങളും. ഇതിനിടയില്‍ തെരഞ്ഞെടുപ്പിന്റെ യന്ത്രം മാത്രം ചലിക്കുന്നു. നിവൃത്തിയില്ല. അവസാനഘട്ടമാണ്. എലിയറ്റിന്റെ ഭാഷയില്‍ ‘ഏപ്രില്‍ ഏറ്റവും ക്രൂരമായ മാസമാണ്’. ഇത്തവണത്തെ വേനല്‍ക്കാലം ക്രൂരമായി നീണ്ടുപോവുന്നു. ആകാശത്തിന്റെ മൂലയില്‍പ്പോലും മേഘക്കീറുകള്‍ കാണാനില്ല. മാന്തളിര്‍ തിന്നും, മഴയെ വിളിച്ചുപാടിയും കുയില്‍ തളര്‍ന്നു. സാധാരണ അത്തരം കുയില്‍ കൂജനങ്ങള്‍ മഴയ്ക്കുള്ള വരവേല്പാണ്. എന്തുചെയ്യാം കാലം മാറി.  അങ്ങനെയിരിക്കെയാണ് ഒരു സ്നേഹവര്‍ഷത്തിന്റെ ആശ്വാസം വന്നുചേര്‍ന്നത്. സ്നേഹമഴ. പരസ്യത്തില്‍ കാണുന്ന സ്വര്‍ണമഴയല്ല. ഇരുവൃക്കകളും തകരാറിലായി കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാവ്യ എന്ന തേനൂര്‍, കോട്ടായി റോഡ് സ്വദേശിനിക്ക് അടിയന്തരമായി രക്തം വേണം. ഏകദേശം 35 യൂണിറ്റ് രക്തമാണ് വേണ്ടത് ആര് തരും. സ്വതവേ നാം കെെമലര്‍ത്തുകയാണ് ചെയ്യുക. പക്ഷെ തേനൂര്‍ കോട്ടായി റോഡിലെ ‘ടീം നവചെെതന്യ’ എന്നൊരു പുണ്യസംഘം, ബസ് വാടകയ്ക്കെടുത്ത് കോയമ്പത്തൂരെത്തി അവര്‍ കാര്യം പറഞ്ഞ് അകത്തുകയറി ആവശ്യമായത്ര രക്തം നല്‍കി മടങ്ങി. അതോടെ കര്‍മ്മം കഴിച്ച് മടങ്ങിയില്ല. ഇനിയും വേണമെങ്കില്‍ തങ്ങള്‍ വിളിപ്പുറത്തുണ്ടെന്ന് പറഞ്ഞാണ് തിരിച്ചുപോന്നത്.

 


ഇതുകൂടി വായിക്കൂ: രാജ്യം നിലനില്‍ക്കാന്‍ ഇടതുപക്ഷം വിജയിക്കണം


രജനിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്. അമ്മയാണ് വൃക്ക നല്‍കുന്നത്. ഇതു മാത്രമല്ല, ശസ്ത്രക്രിയയ്ക്കുവേണ്ട അഞ്ച് ലക്ഷം രൂപ തേനൂര്‍ കൂട്ടായ്മ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച് നല്‍കിയിരുന്നു. നാടുമുഴുവനും ഒരു കുട്ടിയുടെ ദുരിതഘട്ടത്തില്‍ കൂടെയുണ്ട്. അവിടത്തെ മറ്റ് സംഘടനകളും വ്യക്തികളും എന്തിനും തയ്യാറാണ്. വേണമെങ്കില്‍ ചോദിക്കാം, ഈ തേര്‍തല്‍ മഹാമഹകാലത്ത് ഇതൊക്കെ ഒരു വാര്‍ത്തയാണോ? ആണ്, നേരത്തെ പറഞ്ഞ തേര്‍തലിലും വലിയ വാര്‍ത്തയാണിത്. ഒരു സമൂഹത്തെ തൊട്ടറിയാനും തിരിച്ചറിയാനും ഇത്തരം വലിയ സന്മനസുകളാണ് പ്രധാനം. വേണ്ടിവന്നാല്‍ എത്രത്തോളം ഉയരാം എന്ന് കേരളസമൂഹം കാണിച്ചുതരുന്നു. തേനൂര്‍ കൂട്ടായ്മ താരതമ്യേന നിശബ്ദ സംഘടനയാണ്. ഒരുള്‍നാടന്‍ മനസിന്റെ പ്രതികരണവും പ്രവര്‍ത്തനവും എത്ര ശക്തമാണ് എന്നറിയുക. ഇതിനൊന്നും പ്രചാരണങ്ങള്‍ വേണ്ട. ഇത്തരം ഒരുപാടുദാഹരണങ്ങള്‍ കേരളത്തിലുണ്ട്. നാം കണ്ടതാണ്.
ഒരു സമൂഹത്തെ നവം ചെയ്യുന്ന പൊതുപ്രതികരണങ്ങളാണിവയൊക്കെ. ഒരു പ്രതിസന്ധിയോട് ധനാത്മകമായി പ്രതികരിക്കാന്‍ ഒരു ജനപരിഛേദം തയ്യാറാവുക. അത് കര്‍മ്മപഥത്തിലെത്തിക്കുക, ഒരുപാട് പ്രസംഗങ്ങളെക്കാളും സമൂഹത്തെ നവീകരിക്കുന്നതാണിത്. തേനൂര്‍ കൂട്ടായ്മ മാത്രമല്ല. മുമ്പ് ഇതേ കോളത്തില്‍ ഞാനെഴുതിയ ‘ഏറനാടന്‍ സ്നേഹഗാഥ’ എന്ന ലേഖനം കരിപ്പൂരില്‍ വിമാനം തകര്‍ന്നപ്പോള്‍ പാഞ്ഞെത്തിയ നാട്ടുകാരെക്കുറിച്ചായിരുന്നു. അവിടെ അവര്‍ എഴുതിച്ചേര്‍ത്തത് ചരിത്രമായിരുന്നു. ആരുടെയും ഒരു മുതലും നഷ്ടപ്പെട്ടില്ല. കിട്ടിയ വാഹനങ്ങളില്‍ നാട്ടുകാര്‍, യാത്രക്കാരെ എടുത്തോടി. ഞാനൊരു ഏറനാട്ടുകാരനാണ്. എനിക്ക് എന്റെ ജന്മസ്ഥലത്തെക്കുറിച്ച് അഭിമാനം തോന്നിയ സമയമായിരുന്നു അത്. കരിപ്പൂര്‍ വിമാനത്താവളം വന്നതിലും സന്തോഷം തോന്നിയ സന്ദര്‍ഭം. ഇത്തരം സംഭവങ്ങളാണ് ഒരു സമൂഹത്തിന്റെ പരീക്ഷണഘട്ടം. മറിച്ച്, നാണംകെടുത്തുന്ന ഒരുപാട് സംഭവങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടാവും. ഉണ്ട്. അതിനെയൊക്കെ മാറ്റിനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഇത്തരം സ്നേഹപൂജകളാണ്.
മുമ്പ് വെള്ളപ്പൊക്കം വന്നപ്പോള്‍, ഒരു സ്ത്രീക്ക് ബോട്ടില്‍ കയറാന്‍ കുമ്പിട്ടിരുന്നുകൊടുത്ത സുഹൃത്തിന്റെ ചിത്രം ഇന്നും മനസിലുണ്ട്. ശരീരം കുമ്പിട്ടപ്പോള്‍ മനസ് മാനം മുട്ടെ ഉയരുകയായിരുന്നില്ലേ. മനുഷ്യനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കുന്നത് ഇത്തരം സംഭവങ്ങളിലൂടെയാണ്. ഈയിടെ ഒരാള്‍ക്കുവേണ്ടി 34 കോടി പിരിക്കാന്‍ ജനത ഒന്നായി നിന്നത് പ്രത്യക്ഷ അനുഭവമായിരുന്നില്ലേ. രോഗചികിത്സയ്ക്കായി വന്‍സംഖ്യകള്‍ നല്‍കിയ സംഭവങ്ങളും നമ്മള്‍ കണ്ടതല്ലേ.

അതാണ് സമൂഹത്തിന്റെ പുരോഗതി. അത്തരക്കാരാണ് സാമൂഹിക ചിന്താ ഡെെനമിക്സില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. അതാണ് ഒരു സമൂഹത്തിന്റെ വികസനം. അതിന്റെ മുന്നില്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ഒന്നുമല്ല. ചില കാഴ്ചകള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കും. നേരത്തെ പറഞ്ഞപോലെ പാലക്കാട് വെന്തെരിയുകയാണ്. ഈയിടെ ഒരു ഗ്രാമപ്രദേശത്തിലൂടെ കാര്‍ യാത്രയിലായിരുന്നു. റോഡരികിലെ ഒരുപാട് വീടുകളുടെ പടിക്കല്‍ കുടത്തില്‍ വെള്ളവും ഗ്ലാസും വച്ചിരുന്നു. ആരുടെയോ ദാഹം മുന്‍കൂട്ടി കണ്ട് ആതിഥ്യം. ചിലയിടത്ത് തുറന്ന പാത്രങ്ങളില്‍ വെള്ളം. പക്ഷികളെ പ്രതീക്ഷിച്ച്. മനുഷ്യന്റെയും പക്ഷികളുടെയും ദാഹം തീര്‍ക്കാനുള്ള ശ്രമം.
എന്തിനാണിതൊക്കെ പറയുന്നത്. ഇലക്ഷന്‍ ഇരമ്പുമ്പോള്‍, ചെറിയ കാര്യങ്ങള്‍ പറയുകയല്ല. അതിലും എത്രയോ വലിയ കാര്യം പറയുകയാണ്. ഈ ദയാവായ്പ് ഇല്ലാതായാല്‍, പിന്നെ ഒന്നുമില്ല. ഇതിനെ നാം കയ്യേല്‍ക്കണം, കെെവിടരുത്. മനുഷ്യന്റെ നിലനില്പ് ഇത്തരം നന്മകളിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.