14 May 2024, Tuesday

ബിജെപിയുടെ മാര്‍ഗം വർഗീയ വിഭജനം തന്നെ

രാം പുനിയാനി
April 29, 2024 4:45 am

ഭൂരിപക്ഷ ദേശീയതയെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പ് രംഗത്ത് പിടിമുറുക്കുന്നതിനുള്ള ഒരു പ്രധാനമാര്‍ഗം വിദ്വേഷം പരത്തുന്നതും വർഗീയവും ഭിന്നതയുണ്ടാക്കുന്നതുമായ പ്രചരണമാണ്. ഹിന്ദു ദേശീയ രാഷ്ട്രീയത്തിന്റെ അജണ്ട രണ്ട് പ്രധാന ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഒന്ന്, പൗരാണിക ഭൂതകാലത്തിന്റെ മഹത്വവൽക്കരണം, അഥവാ മനുസ്മൃതിയുടെ മൂല്യങ്ങൾ സാമൂഹിക മാനദണ്ഡങ്ങളായിരുന്ന കാലഘട്ടം. രണ്ട്, ചരിത്രത്തെ വളച്ചൊടിക്കല്‍, പ്രത്യേകിച്ച് മധ്യകാലഘട്ടം. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതും ബലപ്രയോഗത്തിലൂടെ ഇസ്ലാം മതം സ്വീകരിക്കേണ്ടിവന്നുവെന്നതുമാണ് ഇ­പ്പോഴ­ത്തെ പ്രധാന നുണകൾ. ഈ അടിത്തറയിൽ, അവർ തങ്ങളുടെ വിപുലമായ ശൃംഖലയിലൂടെ മറ്റ് പ്രശ്നങ്ങൾ കൂടി ചേർക്കുന്നു. മുഗൾ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രങ്ങൾ തകർത്തുവെന്ന് പ്രചരിപ്പിക്കാനാണ് ബാബറി മസ്ജിദ് തകർക്കൽ വരെ ശ്രമിച്ചിരുന്നത്. മറ്റു വിഭാഗക്കാര്‍ക്കിടയിൽ വിഭാഗീയത പ്രചരിപ്പിക്കാനുള്ള അസത്യങ്ങളുടെ ഒരു പ്രധാന താക്കോലായിരുന്നു അത്. നിലവിലെ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിനോടൊപ്പം മാംസാഹാരം കൂടി ചേര്‍ത്ത് വംശീയവിഭജനം തീവ്രമാക്കാന്‍ ശ്രമിക്കുന്നു.
ഏപ്രിൽ എട്ടിന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് മത്സ്യം കഴിക്കുന്നതിന്റെ ഒരു ദൃശ്യം പങ്കുവച്ചിരുന്നു. ഹൈന്ദവ കലണ്ടർ പ്രകാരം, മാംസാഹാരം കഴിക്കരുതെന്ന് ഒരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന വിശുദ്ധ മാസമായ സാവന്‍ ഏപ്രിൽ ഒമ്പത് മുതലാണ് ആരംഭിച്ചത്. ഈ തീയതികൾ മറച്ചുകൊണ്ട് “സാവന്‍ മാസത്തില്‍ മാംസാഹാരം കഴിച്ചതിലൂടെ ഹെെന്ദവ വികാരങ്ങളെ അവഹേളിച്ചു“വെന്ന് യാദവിനെതിരെ ആരോപണം അഴിച്ചുവിട്ടു. വിദ്വേഷവും വർഗീയ പ്രചരണവും തീവ്രമാക്കാൻ വർഗീയ ചരിത്രങ്ങളിലൂടെ വസ്തുതകൾ വളച്ചൊടിക്കുന്ന കല നന്നായി അഭ്യസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, ‘മീൻ’ നല്‍കിയ അവസരം കൃത്യമായി മുതലെടുത്തു. കഴിഞ്ഞ വർഷം ആർജെഡി നേതാവ് ലാലു പ്രസാദും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇതേമാസത്തിൽ മാംസം പാകം ചെയ്ത് കഴിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സാവന്‍ മാസത്തിലെ മാംസവും മുഗളർ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്നതും മോഡി സമര്‍ത്ഥമായി താരതമ്യം ചെയ്തു. “മുഗളന്മാര്‍ അവരുടെ ആക്രമണകാലത്ത് ഭരിക്കുന്ന രാജാവിനെ പരാജയപ്പെടുത്തുന്നതിൽ മാത്രം തൃപ്തരായില്ല. അവര്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി. അതുപോലെ സാവന്‍ മാസത്തിൽ മാംസാഹാര വീഡിയോ കാണിച്ച് രാജ്യത്തെ ജനങ്ങളെ പ്രകോപിപ്പിക്കാനാണ് മുഗൾ മാനസികാവസ്ഥയുള്ള ഇവർ ശ്രമിക്കുന്നത്” എന്ന് മോഡി തട്ടിവിട്ടു. തന്റെ രാഷ്ട്രീയ എതിരാളികളായ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അപ്‌ലോഡ് ചെയ്തതാണ് വീഡിയോകളെന്നും മോഡി പറഞ്ഞു.
ഹിന്ദു രാജാക്കന്മാരും ക്ഷേത്ര നാശങ്ങൾ നടത്തിയിട്ടുണ്ടെന്ന് റിച്ചാർഡ് ഈറ്റനെപ്പോലുള്ള പ്രമുഖരായ ചരിത്രകാരന്മാർ വിപുലമായി ഗവേഷണം നടത്തി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കശ്മീരിലെ ഹിന്ദു രാജാവായ രാജാ ഹർഷ്ദേവ്, ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് സ്വർണവും വെള്ളിയും കൊണ്ടുള്ള ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പിഴുതെടുക്കാന്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചതായി കശ്മീർ ചരിത്രകാരനായ കൽഹണയുടെ രാജ്തരംഗിണി വിവരിക്കുന്നു. മുസ്ലിം രാജാക്കന്മാരില്‍ പലരും ഹിന്ദു ക്ഷേത്രങ്ങൾക്ക് ധാരാളം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഔറംഗസേബ് ക്ഷേത്രങ്ങൾക്ക് സംഭാവന നൽകിയത് ചരിത്ര രേഖകളിലുണ്ട്. വിഭാഗീയ ദേശീയതയുടെ കളിയിൽ, സത്യത്തിനാണ് ഏറ്റവും വലിയ അപകടം പിണയുക. സാമുദായിക ചിന്താഗതികളെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങൾ സാമൂഹിക യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാകും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായ ന്യായ പത്രയില്‍ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള നീതിയാണ് അടിസ്ഥാനമാക്കിയത്. ഇത് പ്രകടനപത്രികയിൽ പഴയ മുസ്ലിം ലീഗിന്റെ മുദ്രയുണ്ടെന്ന് പ്രസ്താവിക്കാൻ മോഡിയെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ സംഘത്തിലുള്ള മറ്റുള്ളവരും കള്ളം പ്രചരിപ്പിക്കുന്ന കലയിൽ പ്രാവീണ്യം നേടിയവരാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, നിരുപദ്രവകരമെന്ന് തോന്നിക്കുന്ന ഒരു വാചകത്തിൽ, ‘യുപിയിലെ ഒരു കുറ്റവാളി ജയിലോ ജഹന്നമോ (ഇസ്ലാമിക പാരമ്പര്യത്തിൽ നരകം) അനുഭവിക്കേണ്ടി വരും’ എന്ന് പ്രസ്താവിച്ചു. മുംബൈയ്ക്ക് സമീപമുള്ള ഹാജി മലംഗ് ആരാധനാലയം ഹിന്ദു ആരാധനാലയമായ മലംഗ് ഗഡ് ആണെന്ന അവകാശവാദവും അദ്ദേഹം മുന്നോട്ടുവച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് കർണാടകയിൽ ബിജെപിക്ക് കരുത്ത് പകർന്നത് ഇതേ മാതൃകയിലുള്ള ബാബാ ബുഡൻ ഗിരി ദർഗ പ്രചരണമായിരുന്നു.
പ്രതിപക്ഷമായ ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അത് ‘നുഴഞ്ഞുകയറ്റക്കാർക്ക്’ സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന ഭയവും മോഡി വിതച്ചു. ഇതിലൂടെ, ബംഗ്ലാദേശിൽ നിന്ന് വന്ന മുസ്ലിങ്ങൾക്ക് മറ്റുള്ളവരുടെ സമ്പത്ത് നൽകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. അതേ ശ്വാസത്തിൽ മോഡി പറഞ്ഞു, ‘നിങ്ങളുടെ സമ്പത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് കോൺഗ്രസ് നൽകും’. മോഡിയുടെ ഈ രണ്ട് പ്രയോഗങ്ങളിലും കോൺഗ്രസ് മുസ്ലിങ്ങളെ പ്രീണിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന സൂചന വളരെ വ്യക്തമാണ്.

അസമിൽ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കിയപ്പോഴാണ് നുഴഞ്ഞുകയറ്റക്കാരുടെ ഭയം വെളിവായത്. ശരിയായ രേഖകളില്ലാത്ത 19 ലക്ഷം പേരിൽ 13 ലക്ഷം ഹിന്ദുക്കളായിരുന്നു. എന്നാല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പോക്കറ്റുകളുണ്ടെന്നായിരുന്നു സംഘ്പരിവാര്‍ അവകാശവാദം. (ബിജെപി നേതാവ് അമിത് ഷായുടെ വാക്കുകളിൽ ‘ചിതൽ’).
‘കൂടുതൽ കുട്ടികളുള്ളവരെ‘ന്ന് ആക്ഷേപിക്കപ്പെടുന്ന മുസ്ലിം സ്ത്രീകളിൽ പ്രത്യുല്പാദനം കുറയുന്നുവെന്നും നിലവിൽ ശരാശരി ഒരു മുസ്ലിം സ്ത്രീയുടെ പ്രത്യുല്പാദനം ഹിന്ദുക്കൾക്കിടയിലെ ദേശീയ ശരാശരിയെക്കാൾ നേരിയ തോതിൽ മാത്രം കൂടുതലാണെന്നും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നിലവിലെ നിലവാരം തുടരുകയാണെങ്കിൽ, വെെകാതെ നിരക്ക് ഒരേനിലയില്‍ ആയേക്കാം.
ദേശീയ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് പ്രഥമ അവകാശം എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസ്താവിച്ചുവെന്നും ഹിന്ദു വലതുപക്ഷത്തിന്റെ പ്രചരണം ഓർമ്മിപ്പിക്കുന്നു. 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടനുസരിച്ച് മുസ്ലിങ്ങളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥ വർഷങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഇത്. സിങ് പറഞ്ഞത് തികച്ചും വ്യത്യസ്തമായ കാര്യമായിരുന്നു. അദ്ദേഹം പറഞ്ഞത്, “കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപ ആവശ്യങ്ങൾ, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പരിപാടികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകളും കുട്ടികളും എന്നിവര്‍ക്കാണ് ഞങ്ങളുടെ മുൻഗണന” എന്നാണ്.

തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിന് അനുയോജ്യമായ രീതിയിൽ വസ്തുതകളെ വളച്ചൊടിക്കാൻ ഹിന്ദു വലതുപക്ഷത്തിന് എത്രത്തോളം കഴിയുമെന്ന് ഈ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. കാലക്രമേണ, ഹിന്ദുത്വ വിദ്വേഷകരുടെ പ്രചരണ ഉപകരണങ്ങൾ കൂടുതൽ മൂർച്ചയുള്ളതായിത്തീരുകയും അതിന്റെ സംവിധാനങ്ങൾ മതന്യൂനപക്ഷങ്ങളെയും മുസ്ലിങ്ങളെയും പൈശാചികമായി ചിത്രീകരിക്കുന്ന തരത്തിൽ വ്യാപിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളിലും ഭരണഘടനയുടെ മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്നവര്‍ക്ക് ഹിന്ദു വിരുദ്ധ പ്രതിച്ഛായയാണ് ഇവര്‍ നല്‍കുന്നത്. മാധ്യമങ്ങൾ നിലവിൽ ഈ പാർട്ടിയെ പിന്തുണയ്ക്കുകയും, നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ബഹുസ്വര ധാർമ്മികതയ്ക്ക് തികച്ചും വിരുദ്ധമായ ഒരു ‘സാമൂഹ്യ സാമാന്യബോധം’ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികൾ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കള്ളത്തരങ്ങൾക്ക് സത്യസന്ധമായ ഒരു പുനരവലോകനം നൽകേണ്ട സമയമാണിത്.
(ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.