Site iconSite icon Janayugom Online

കുട്ടികള്‍ക്കുള്ള സമഗ്ര ആരോഗ്യ പരിപാടി യാഥാര്‍ത്ഥ്യത്തിലേക്ക്

സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാലയ ആരോഗ്യപദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികാസത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിക്കുന്ന സ്കൂള്‍ ആരോഗ്യപരിപാടി നടപ്പാകുന്നതോടെ അതത് പ്രദേശത്തുള്ള കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയും സ്കൂളുകളും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴി പരിശോധന, പ്രതിരോധകുത്തിവയ്പുകള്‍ മുതലായവ ഉള്‍പ്പെടുത്തിയുള്ള നിലവിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം, വനിതാ ശിശുവികസന വകുപ്പുകളെ കൂടാതെ പട്ടികവര്‍ഗവികസനം, യുവജന, കായിക, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളെയും ഭാഗമാക്കും. ആരോഗ്യ അവബോധനം, ആരോഗ്യസ്ക്രീനിങ് പരിശോധനകള്‍, പ്രതിവാര ഇരുമ്പ് സത്ത് ഗുളിക വിതരണം, വിരനിര്‍മ്മാര്‍ജന ഗുളികകള്‍ നല്‍കല്‍, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ് തയ്യാറാക്കുക, പ്രഥമ ശുശ്രൂഷാ പരിശീലനവും അടിയന്തര പരിചരണ നൈപുണ്യവും നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

വിദ്യാഭ്യാസ കാലത്ത് തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ശാരീരിക, മാനസിക വളർച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികൾ, കാഴ്ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടൽ നടത്തും. സ്കൂളുകളില്‍ ആരോഗ്യ അസംബ്ലി, വാര്‍ഷിക ആരോഗ്യമേള, ഹെല്‍ത്ത് ക്ലബ്ബുകള്‍, പ്രത്യേക രക്ഷാകര്‍ത്തൃ അധ്യാപകയോഗങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാലിയേറ്റീവ് കെയര്‍ അടിസ്ഥാന പരിശീലനം, വര്‍ഷത്തിലൊരിക്കല്‍ പാലിയേറ്റീവ് കെയര്‍ഹോം സന്ദര്‍ശനത്തിനുള്ള അവസരം, താല്പര്യമുണ്ടെങ്കില്‍ പഞ്ചായത്തുകളിലെ വോളണ്ടിയര്‍ പരിശീലനം എന്നിവയും നല്‍കും. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിദ്യാര്‍ത്ഥികളിലെ പോഷാകാഹാരക്കുറവ്, ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യം, പ്രത്യുല്പാദന- ലൈംഗിക ആരോഗ്യം, പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധം, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, മാതൃകാപരമായ മൂല്യങ്ങളും പൗരബോധവും, നല്ല വ്യക്തിബന്ധങ്ങള്‍, ലിംഗ സമത്വം എന്നിവയെക്കുറിച്ചുള്ള അവബോധം നല്‍കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Eng­lish Sum­ma­ry: health pro­gram for children
You may also like this video

Exit mobile version