Site iconSite icon Janayugom Online

ആരോഗ്യ നികുതിയും വകമാറ്റി; കരുതല്‍ ഫണ്ട് സ്വരൂപിച്ചില്ല

പാവപ്പെട്ടവന്റെ കീശ കൊള്ളയടിച്ച് സ്വരൂപിച്ച നികുതിയും മോഡി സര്‍ക്കാര്‍ വകമാറ്റി ചെലവാക്കി. ആരോഗ്യ — വിദ്യാഭ്യാസ സെസായി പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയാണ് പ്രത്യേക ഫണ്ട് സ്വരൂപിക്കാതെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടില്‍ പറയുന്നു.
2021–22 സാമ്പത്തിക വര്‍ഷം നികുതി ഇനത്തില്‍ പിരിച്ചെടുത്ത 23,874,85 കോടി രൂപയാണ് ഫണ്ടിലേക്ക് മാറ്റതെ ദുര്‍വ്യയം ചെയ്തതെന്നും ഇതിന് നീതികരണമില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി, മാധ്യമിക് ഉച്ചാതര്‍ ശിക്ഷാ ഘോഷ് എന്നീ പദ്ധതികള്‍ വഴി പിരിച്ചെടുത്ത തുകയാണ് സര്‍ക്കാര്‍ ചെലവിലേക്ക് വകമാറ്റിയത്. 

പ്രത്യേക ലക്ഷ്യത്തോടെ പിരിച്ചെടുക്കുന്ന തുക ഗ്രോസ് ബജറ്ററി സപ്പോര്‍ട്ട് (ജിബിഎസ്) വിഭാഗത്തിലേക്ക് വകമാറ്റി ചെലവഴിക്കാന്‍ പാടില്ലെന്ന് നിയമം നിലവിലിരിക്കെയാണ് സര്‍ക്കാര്‍ നിയമവിരുദ്ധ പ്രവൃത്തി നടത്തിയതെന്നും സിഎജി കുറ്റപ്പെടുത്തുന്നു. 2018- 19 സാമ്പത്തിക വര്‍ഷം മുതല്‍ ജനങ്ങള്‍ നിര്‍ബന്ധപൂര്‍വം നല്‍കി വരുന്ന നികതിയാണ് ആരോഗ്യ- വിദ്യാഭ്യാസ സെസ്. രണ്ട് പദ്ധതികള്‍ വഴി സ്വരൂപിച്ച തുക പ്രത്യേക ഫണ്ട് രൂപീകരിച്ച് കരുതല്‍ ധനമായി സുക്ഷിക്കണമെന്ന വ്യവസ്ഥ മോഡി സര്‍ക്കാര്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

മാധ്യമിക് ആന്റ് ഉച്ചതാര്‍ ശിക്ഷാ ഘോഷ് 2017ലും പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി 2021ലുമാണ് നിലവില്‍ വന്നത്. എന്നാല്‍ രണ്ട് പദ്ധതികളും 2022 വരെ പ്രവര്‍ത്തിച്ച് തുടങ്ങിയില്ല. പദ്ധതി വഴി സ്വരൂപിച്ച തുക പോലും ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. 2021–22 ല്‍ 52,732 കോടി രൂപയാണ് ആരോഗ്യ‑വിദ്യാഭ്യാസ നികുതിയായി പിരിച്ചെടുത്തത്. ഇതില്‍ നിന്ന് 31,788 കോടി രൂപ അതായത് 60 ശതമാനം തുക പ്രാരംഭിക് ശിക്ഷാ ഘോഷ് പദ്ധതിയിലേക്ക് വകമാറ്റി.
ഒരു നിശ്ചിത പദ്ധതിയുടെ പേരില്‍ പിരിച്ചെടുക്കുന്ന തുക സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്കായി വിനിയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ സര്‍ക്കാര്‍ ലംഘിച്ചത് ഗുരുതര വീഴ്ചയായി ആണ് സിഎജി വിലയിരുത്തുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടുകള്‍ നിരവധി കേന്ദ്രപദ്ധതികളിലെ അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടുന്നുണ്ട്.

Eng­lish Sum­ma­ry: Health tax has also been diverted

You may also like this video

Exit mobile version