തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അയോർട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67കാരനാണ് നെഞ്ച് തുറക്കാതെ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ നടത്തിയത്. സങ്കീർണ ശസ്ത്രക്രിയ രോഗിക്ക് നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂർവ ശസ്ത്രക്രിയ നടത്തിയത്. വളരെ വേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ഡോ. എം ആശിഷ് കുമാർ, ഡോ. വി വി രാധാകൃഷ്ണൻ, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, മറ്റ് കാർഡിയോളജി ഫാക്കൽറ്റി, കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ ഡോ. രവി കുമാർ, ഡോ. അരവിന്ദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മായ, ഡോ. അൻസാർ എന്നിവർ അടങ്ങിയ സംഘമാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കാർഡിയോളജി വിഭാഗം ടെക്നീഷ്യന്മാർ, നഴ്സുമാർ, മറ്റ് അനുബന്ധ ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഈ അപൂർവ നേട്ടത്തിന് പിന്നിലുണ്ട്. സർക്കാരിന്റെ സാമ്പത്തിക പിന്തുണയും രോഗിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
English Summary: Heart valve replaced without opening the chest: Thiruvananthapuram Medical College with a rare achievement
You may also like this video