രത്തൻ ടാറ്റ മൂന്നാറുകാർക്ക് വെറുമൊരു വ്യവസായി മാത്രമായിരുന്നില്ല. ദേവികുളം, ചിന്നക്കനാൽ, പള്ളിവാസൽ, മാങ്കുളം പഞ്ചായത്തുകളില്‍ പച്ചപ്പ് നിറച്ച മനുഷ്യസ്നേഹിയെന്ന് ചരിത്രം രേഖപ്പെടുത്തും.
1976ലാണ് ടാറ്റയുടെ മൂന്നാർ പ്രവേശനം. 1964ൽ ഫിൻലേ (കണ്ണൻ ദേവൻ) കമ്പനിയുമായി ചേർന്ന് നല്ലതണ്ണിയിൽ ഇൻസ്റ്റന്റ് ടീ ഫാക്ടറി സ്ഥാപിച്ചുവെങ്കിലും ഭൂമിയിൽ പങ്കാളിത്തം വരുന്നത് 1976ൽ ടാറ്റാ ഫിൻലേയിലൂടെ. 1983ൽ പൂർണമായും ടാറ്റയായി മൂന്നാറിന്റെ ഉടമ. അവിടെ തുടങ്ങുന്നു മാറ്റങ്ങളുടെ കാലമായ ടാറ്റ യുഗം. ടാറ്റ ടീ വൈസ് പ്രസിഡന്റ് മലയാളിയായ ആർ കെ കൃഷ്ണകുമാറിന്റെ പദ്ധതികൾക്ക് ടാറ്റ അനുമതി നൽകി. സിബിഎസ്ഇ സ്കൂൾ, ടീ മ്യൂസിയം, ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലന കേന്ദ്രം, സൂപ്പർ ടീ ഫാക്ടറികൾ, പാക്കിങ് ഫാക്ടറികൾ, ഗവേഷണ കേന്ദ്രം തുടങ്ങിയവ മൂന്നാറിന് കുതിപ്പേകി. തൊഴിലാളികളുടെ ലയങ്ങൾ വൈദ്യുതീകരിച്ചതും ടാറ്റ യുഗത്തിൽ. പരിസ്ഥിതി സംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനും മുന്തിയ പരിഗണന നൽകി. മൂന്നാറിന്റെ പച്ചപ്പുകൾ സംരക്ഷിച്ചു.
ആഗോള തേയില വിപണിയിലെ പ്രതിസന്ധിയെ തുടർന്ന് 2005ൽ ടാറ്റ തേയിലവ്യവസായത്തിൽ നിന്ന് പിന്മാറി. തൊഴിലാളികൾക്ക് പങ്കാളിത്തമുള്ള കെഡിഎച്ച്പിസിക്ക് നടത്തിപ്പ് കൈമാറി. എങ്കിലും ഭൂമിയുടെ അവകാശവും മൂന്നാറിലെ ആശുപത്രിയും പള്ളിവാസൽ, പെരിയകനാൽ എസ്റ്റേറ്റുകളും ടാറ്റയ്ക്കാണ്. ഇടയ്ക്ക് പലതവണ രത്തൻ ടാറ്റ മൂന്നാർ സന്ദർശിച്ചു. ചെണ്ടുവര സൂപ്പർ ടീ ഫാക്ടറി ഉദ്ഘാടനത്തിനും ഹൈറേഞ്ച് സ്കൂൾ വാർഷികത്തിനും ടീ മ്യൂസിയം ഉദ്ഘാടനത്തിനുമെത്തിയ അദ്ദേഹം ദിവസങ്ങളോളം മൂന്നാറിൽ തങ്ങി.
ഒരു വ്യവസായി എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിലും ദാർശനിക പ്രതിഭ എന്ന നിലയിലുമാണ് അദ്ദേഹത്തെ കാണുന്നതെന്ന് കെഡിഎച്ച്പി കമ്പനി മാനേജിങ് ഡയറക്ടർ മാത്യു എബ്രഹാം പ്രതികരിച്ചു. മൂന്നാറിലെത്തിയപ്പോൾ അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ച ജീവനക്കാരും തൊഴിലാളികളുമെല്ലാം ആ നിമിഷങ്ങൾ മനസിൽ സൂക്ഷിക്കുന്നു. പാവപ്പെട്ട തൊഴിലാളികളോട് ഏറെ അനുകമ്പയും പരിഗണനയും നൽകിയിരുന്ന അദ്ദേഹം അവരുമായി സംസാരിക്കുവാനും സമയം കണ്ടെത്തിയിരുന്നു.
തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഉതകുന്ന നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു. മൂന്നാറിനോട് തൊട്ടുകിടക്കുന്ന ആദിവാസി മേഖലകളിലെ ജനങ്ങളുമായും ആശയ വിനിമയം നടത്തുവാനുള്ള സമയവും ക്രമീകരിച്ചിരുന്നു. പാവപ്പെട്ട തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ സന്ദർശിച്ച അദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉയർന്ന പരിഗണന നൽകണമെന്ന് പറഞ്ഞിരുന്നു. പാരിസ്ഥിതിക സൗഹാർദ പ്രവർത്തനങ്ങളോട് അദ്ദേഹത്തിനുള്ള താല്പര്യം അറിഞ്ഞ ഉദ്യോഗസ്ഥർ ഓരോ എസ്റ്റേറ്റുകളിലും മാലിന്യ നിർമ്മാർജനത്തിനായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിരുന്നു. മിക്ക എസ്റ്റേറ്റുകളിലും ഈ പദ്ധതികൾ തുടർന്നു വരുന്നു.