Site iconSite icon Janayugom Online

വെന്തുരുകി കേരളം; തൊഴിൽ സമയക്രമീകരണം മേയ് 15 വരെ

heatheat

മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളം ചുട്ടുപൊള്ളുന്നു. എല്ലാ ജില്ലകളിലും കൊടുംചൂടാണ് ഇന്നലെയും അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ പെയ്ത വേനല്‍മഴയും ചൂടിനെ മറികടക്കാന്‍ പര്യാപ്തമായില്ല.
പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ മേയ് മൂന്ന് വരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും ഈ ജില്ലകളില്‍ താപനിലയില്‍ വലിയ വര്‍ധനവുണ്ടായി. പാലക്കാട് ഇന്ന് ഓറഞ്ച് അലര്‍ട്ടും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. 

ഇന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സാധാരണയെക്കാള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാല് ഡിഗ്രി വരെയും വര്‍ധനവുണ്ടായി. ഈ ജില്ലകളിലും സമീപ ജില്ലകളിലും നാളെയും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ എല്ലാ ജില്ലകളിലും താപനില ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയിൽ 41, കൊല്ലം, തൃശൂർ 40, കോഴിക്കോട് 39, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ 38, എറണാകുളം, മലപ്പുറം, കാസർകോട് 37, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്ന പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈർപ്പം കൂടി ചേരുമ്പോൾ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യമാണ്. മെഡിക്കൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് രണ്ട് വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധിക്കാല ക്യാമ്പുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ, അങ്കണവാടികൾ തുടങ്ങിയവയ്ക്കെല്ലാം നിർദേശം ബാധകമാണ്. ജില്ലയില്‍ കായിക പരിശീലനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കും. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ‑സ്വകാര്യ ഐടിഐകൾക്കും ഇന്ന് മുതൽ മേയ് നാല് വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു. ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദേശിച്ചു. 

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടി. ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ജില്ലകളുടെ സാഹചര്യം ഇടയ്ക്കിടെ വിലയിരുത്താനും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Heat in Ker­ala; Work sched­ule till 15th May

You may also like this video

Exit mobile version