Site iconSite icon Janayugom Online

തണലാകും തണ്ണീര്‍പ്പന്തല്‍

കനത്ത ചൂടില്‍ സംസ്ഥാനത്ത് ഇനി തണ്ണീര്‍പ്പന്തലുകള്‍ ആശ്വാസമാകും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാരത്തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവ മേയ് മാസം വരെ നിലനിര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശ്യത്തിന് ഒആര്‍എസ് എന്നിവ കരുതണം. ഇത്തരം തണ്ണീര്‍പ്പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി പൊതുകെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. വ്യാപാരികളുടെ സഹകരണവും ഉറപ്പാക്കണം. ഇതിനായി ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോര്‍പറേഷന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ പന്തലുകള്‍ സജ്ജമാക്കും.
ചൂട് കൂടുതലുള്ള കേന്ദ്രങ്ങളിൽ താല്‍ക്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്.
റവന്യു മന്ത്രി കെ രാജൻ, കൃഷി മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, ഫയർഫോഴ്സ് മേധാവി ബി സന്ധ്യ, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.

ഈ ചൂടിനെ നമുക്ക് നേരിടാം ക്യാമ്പയിന്‍ 

ദുരന്ത നിവാരണ അതോറിട്ടി, ആരോഗ്യ, മൃഗസംരക്ഷണ, കൃഷി, വനം,അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പുകള്‍ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ച് ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ക്യാമ്പയിന്‍ ആരംഭിക്കും.
ഇതിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ഉപയോഗിക്കാം. ഒരാഴ്ചക്കുള്ളില്‍ ക്യാമ്പയിൻ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ‘കരുതല്‍ കിറ്റ്’

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റ് പുറത്തിറക്കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ നൂതന സംരംഭമാണിത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ആദ്യകിറ്റ് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഫലപ്രദമായും ഗുണമേന്മയോടും കൂടി ഉറപ്പാക്കുവാന്‍ പറ്റുന്ന തരത്തിലാണ് കരുതല്‍ കിറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകള്‍ ഉള്‍പ്പെടെ 10 ഇനം ചികിത്സാ സാധന സാമഗ്രികള്‍ കിറ്റിലുണ്ട്.
കെഎംഎസ്‌സിഎല്ലിന് കീഴിലുള്ള കാരുണ്യ ഫാര്‍മസികള്‍ വഴി 1000 രൂപയില്‍ താഴെ വിലയ്ക്ക് കിറ്റ് ലഭ്യമാകും. ആശാ ഡ്രഗ് കിറ്റ്, അങ്കണ വാടി പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍, സ്‌കൂളുകള്‍ വഴി വിതരണം ചെയ്യാവുന്ന പ്രാഥമിക ചികിത്സാ കിറ്റുകള്‍ എന്നിവയും ഇനി കരുതല്‍ കിറ്റ് എന്ന പേരിലായിരിക്കും കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാകുക.

Eng­lish Sum­ma­ry; heat wave in Kerala 

You may also like this video 

Exit mobile version