Site iconSite icon Janayugom Online

ബിഹാറിലെ കനത്തതോൽവി; ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ കലഹം തുടരുന്നു

ബിഹാറിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ കലഹം തുടരുന്നു. ലാലു പ്രസാദിന്റെ മൂന്നു പെൺമക്കൾ കൂടി മകനും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. ഇവർ കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മറ്റൊരു മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്. രോഹിണി ആര്യ നേരത്തെ തന്നെ വീട് വിട്ടിരുന്നു. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. എല്ലാ പ്രശ്നങ്ങൾക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ്‌ യാദവ് ആണെന്നാണ് സഹോദരിമാർ പറയുന്നത്. ഇതിനിടെ ലാലുവിന്റെ മറ്റൊരു മകൻ ആയ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

 

അതേസമയം, ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനുള്ള ആർജെഡി യോഗം ഇന്ന് നടക്കും. പാട്നയിലെ തേജസ്വി യാദവിന്റെ വസതിയിൽ ആണ് യോഗം. 143 സീറ്റിൽ മത്സരിച്ച ആർജെഡിക്ക് കേവലം 25 സീറ്റിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. കോൺഗ്രസിനെ പോലെ വോട്ട് ചോരി ആണ് പരാജയ കാരണമെന്ന് ആർജെഡി ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പോലും വോട്ട് ചോരി വിഷയം ആർജെഡി ഉയർത്തിയതുമില്ല. പരാജയം ലാലുവിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 75 ൽ നിന്ന് വെറും 25 ആയാണ് കുറഞ്ഞത്.

 

ലാലു പ്രസാദിന്റെ സിംഗപ്പൂരിൽ താമസിക്കുന്ന മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും ഒപ്പം കുടുംബ ബന്ധവും ഉപേക്ഷിച്ചതായി ആദ്യം പ്രഖ്യാപിച്ചത്. ആർജെഡിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു ഇവരുടെ പ്രഖ്യാപനം വന്നത്. 2022ൽ ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത ആചാര്യ, തന്റെ വൃത്തികെട്ട വൃക്ക അച്ഛന് നൽകി തെരഞ്ഞെടുപ്പ് ടിക്കറ്റ് വാങ്ങിയതായി കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി പറഞ്ഞിരുന്നു.

Exit mobile version