ഹരിയാനയിലെ ബഹൽഗഡിന് സമീപം ഡൽഹി-സോണിപറ്റ് പാതയിലുണ്ടായ വൻ മൂടൽമഞ്ഞിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. പുകമഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ഒന്നോ രണ്ടോ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആദ്യം രണ്ട് കാറുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു കാർ ഉടൻ തന്നെ സ്ഥലത്തുനിന്ന് പോയി. എന്നാൽ അപകടത്തിൽപ്പെട്ട് റോഡിൽ നിശ്ചലമായി കിടന്ന കാറിലേക്ക് പുറകെ വന്ന മറ്റൊരു കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹിയിലും ഹരിയാനയിലും സമാനമായ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫരീദാബാദിലെ ഡൽഹി-മഥുര ദേശീയപാതയിലും മൂടൽമഞ്ഞ് കാരണം വലിയ അപകടങ്ങളുണ്ടായി. ഹരിയാന, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ ‘റെഡ് അലേർട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്.

