കനത്ത ചൂട് കന്നുകാലികള്‍ക്കും രക്ഷയില്ല കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ സൂര്യതപമേറ്റ് പത്ത് പശുക്കളാണ് ചത്തുവീണതെന്ന് ക്ഷീരവികസന വകുപ്പ് അധികൃതർ. ആനിക്കാട്, നെടുമ്പ്രം, പന്തളം ഭാഗങ്ങളിലാണ് പശുക്കൾ ചത്തത്. വളർത്തുമൃഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അവ സൂര്യതപമേറ്റാണ് ചത്തതെന്ന് സ്ഥിരീകരിക്കാതെ കണക്കുകളിൽ പെടുകയില്ലെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. അതേസമയം മൃഗസംരക്ഷണവകുപ്പിന്റെ കണക്ക് പ്രകാരം ചത്തപശുക്കളുടെ എണ്ണം ആറാണ്. തീറ്റക്കായി പശുക്കളെ തുറസായ സ്ഥലത്ത് കെട്ടുന്നതോടെ ചൂട് സഹിക്കാനാവാതെയാണ് പശുക്കള്‍ സൂര്യതപമേറ്റ് ചത്തുവീഴുന്നത്.
സങ്കരഇനത്തിൽപെട്ട പശുക്കൾക്ക് പകൽച്ചൂടിന്റെ കാഠിന്യം താങ്ങാവുന്നതിലുമധികമാണ്. പശുക്കളെ കുളിപ്പിക്കാൻ വെള്ളമില്ലാത്തതും പ്രതിസന്ധിയാകുന്നു. പകൽ നേരത്ത് പശുക്കളെ പുരയിടങ്ങളിൽ കെട്ടിയിടുന്നതും നേരിട്ട് സൂര്യതപമേൽക്കാൻ കാരണമാകും.
കനത്ത ചൂട് ജില്ലയുടെ പല ഭാഗങ്ങളിലും വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിനു കാരണമാകുന്ന സാഹചര്യത്തിൽ അത്തരം സംഭവങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് മൃഗസംരക്ഷണ ഓഫീസർ നിർദേശിച്ചു. ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ വെറ്ററിനറി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്. വളർത്തുമൃഗങ്ങൾക്കോ പക്ഷികൾക്കോ സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അവയുടെ ജഡം നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണം.
വളർത്തു മൃഗങ്ങളിൽ നിർജ്ജലീകരണം തടയുന്നതിന് തൊഴുത്തുകളിൽ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കണം. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർത്തു നൽകണം. കൂടാതെ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരയ്ക്കു മുകളിൽ തെങ്ങോലയോ ചണച്ചാക്കുകളോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാനിടയാക്കും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.
English Summary: Heavy heat ; Six cows d ied in two weeks
You may also like this video