Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ കനത്തമഴ തുടരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജ്യോതിർമഠ്-മലാരി ഹൈവേയിലെ പാലം ഒലിച്ചുപോയി. നിതി താഴ്‌വരയുടെ അതിർത്തി പ്രദേശത്തെ  ഡസനിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ചമോലിക്കും ജ്യോതിർമഠിനും ഇടയിലുള്ള ഭനിർപാനി, പാഗ്ലനാല എന്നീ രണ്ട് സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനെ തുടർന്ന് ബദരീനാഥ് ദേശീയ പാത അടച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേദാർനാഥിനെ ചമോലിയുമായി ബന്ധിപ്പിക്കുന്ന കുണ്ഡ്-ചമോലി ദേശീയ പാതയിലും ബൈരാഗാനയ്ക്ക് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
പിത്തോറഗഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ലിമിറ്റഡ്  ധൗളിഗംഗ പവർ സ്റ്റേഷന്റെ തുരങ്കത്തിനുള്ളിൽ 12 ലധികം തൊഴിലാളികൾ കുടുങ്ങി. രക്ഷാപ്രവർത്തനം ആരംഭിച്ചതായും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. പ്ലാന്റിലെ വൈദ്യുതി ഉല്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് ധാർച്ചുല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ജിതേന്ദ്ര വർമ്മ പറഞ്ഞു.
ജമ്മു കശ്മീരിലും മഴ വീണ്ടും ശക്തമായി. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും മിന്നൽ പ്രളയങ്ങളും കശ്മീരിനെ പിടിച്ചുലയ്ക്കുയാണ്. റിയാസി ജില്ലയിലെ മഹോർ മേഖലയിലെ ബദർ ഗ്രാമത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഉത്തർപ്രദേശിലെ 18 ജില്ലകള്‍ വെള്ളപ്പൊക്കത്തിൽ തകർന്നു. വാരണാസിയിൽ മഴക്കെടുതിയിൽ ഇതുവരെ 700ലേറെ വീടുകൾ തകർന്നു.  84 ഘട്ടുകളും വെള്ളത്തിനടിയിലായി.
മഹാരാഷ്ട്രയിലെ ലാത്തൂരിലും നന്ദേഡിലും 50 റോഡുകളും പാലങ്ങളും ഒലിച്ചുപോയത് ഗതാഗതം താറുമാറാക്കി. മുംബൈ നഗരത്തിലും മഴയെ തുടർന്ന് നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒഡിഷയിൽ 100 കണക്കിന് ഗ്രാമങ്ങൾ പ്രളയബാധിതമാണ്.
യമുന അപകടനിലയ്ക്ക് മുകളിൽ
തലസ്ഥാന നഗരിയെ ആശങ്കയിലാക്കി യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്നാണ് നദിയിലെ ജലനിരപ്പ് കുതിച്ചുയർന്നത്. നിലവിൽ അപകടനിലയായ 205.33 മീറ്റർ കടന്ന് നദി ഒഴുകുകയാണ്. ഇതോടെ ഡൽഹിയിൽ പ്രളയഭീഷണി ശക്തമായി.
2013‑ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് യമുന നദിയിലെ ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഡൽഹി സർക്കാർ നടപടികൾ ആരംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും ചേരികളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സത്‌ലജ്, ബിയാസ്, രവി നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
പഞ്ചാബില്‍ ആയിരത്തിലധികം
ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍
 രാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല, പത്താൻകോട്ട് തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്.
പ്രളയം സംസ്ഥാനത്തിന്റെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. വിളവെടുക്കാൻ പാകമായ നെല്ലുൾപ്പെടെയുള്ള കൃഷികൾ നശിച്ചു. ഇത് കർഷകർക്ക് വലിയ തിരിച്ചടിയാണ്. വെള്ളം ഇറങ്ങിയതിനു ശേഷം മാത്രമേ നാശനഷ്ടങ്ങളുടെ പൂർണ്ണമായ കണക്കെടുപ്പ് നടത്താൻ സാധിക്കൂ.
Exit mobile version