Site iconSite icon Janayugom Online

ഇടുക്കിയില്‍ മഴ ശക്തം; ഡാമില്‍ ജലനിരപ്പ് ഉയരുന്നു

മൻഡൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇടുക്കി ജില്ലയില്‍ മഴ ശക്തമാകുന്നു. ഇന്നലെ രാത്രി തുടങ്ങിയ ഇടവിട്ടുള്ള മഴ ഇടുക്കിയിൽ പലയിടത്തും തുടരുകയാണ്. മലയോര മേഖലകളിലെല്ലാം മഴയുണ്ട്. അതേസമയം മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ വരെ ഇടുക്കി ജില്ലയിൽ ശരാശരി 24.16 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ ശക്തമാണ്. ഇന്നലെ രാവിലെ വരെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 29.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ഡാമിലെ ജലനിരപ്പ് 2381.22 അടിയാണ്. ഡാമിന്റെ സംഭരണ ശേഷിയുടെ 75 ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്.

അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140.75 അടിയായി ഉയർന്നു. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ഇടുക്കി ജില്ലയിൽ ഒക്ടോബർ ഒന്നുമുതൽ ഇന്നലെ വരെ ലഭിച്ചത് 649.3 മില്ലി മീറ്റർ മഴയാണ്. ഇത്തവണ ഇടുക്കിയിൽ 18 ശതമാനം അധികമഴയാണ് ലഭിച്ചത്.

Exit mobile version