Site iconSite icon Janayugom Online

സംസ്ഥാനത്ത് കനത്ത മഴ;ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയത്ത് ഒരുമരണം

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇന്നും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് .ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകള്‍ക്കാണ് ഓറഞ്ച് മുന്നറിയിപ്പ്. മറ്റെല്ലാജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞമുന്നറിയിപ്പാണ്. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തില്‍ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.

മൂന്ന് മോട്ടോര്‍സെറ്റുകള്‍ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു. പന്തീരാങ്കാവ് ദേശീയ പാതയില്‍ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നുവീണു. മരങ്ങള്‍ വീടിനുമുകളിലേക്ക് വീണ് വീട് തകര്‍ന്ന് ഒരാള്‍ക്കുപരിക്കേറ്റു. കോഴിക്കോട് സായ്‌കേന്ദ്രത്തിലും വെള്ളം കയറി. കൊച്ചിയില്‍ താഴ്‌ന പ്രദേശങ്ങളില്‍ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങള്‍ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്ആര്‍എം. റോഡ്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂര്‍ ആസാദ് റോഡ്, പാലാരിവട്ടം, എംജി റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം, കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി.

മഴ കുറഞ്ഞതോടെ വെള്ളക്കെട്ടിന് കുറവുണ്ട്. തിരുവനന്തപുരത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്. കോട്ടയത്ത് മീന്‍പിടിക്കാന്‍ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാര്‍ (38) ആണ് മരിച്ചത്. ചൂണ്ടിയിടാന്‍ പോയ യുവാവ് വെള്ളത്തില്‍ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

Eng­lish Summary:
Heavy rain in the state; orange alert in sev­en dis­tricts; One death in Kottayam

You may also like this video:

Exit mobile version