സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയുണ്ടാകുക. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കണ്ണൂർ ജില്ലയിൽ രാവിലെ മുതൽ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ നാലു ദിവസത്തെ മഴയിലും കാറ്റിലും ജില്ലയിൽ രണ്ട് വീടുകൾ പൂർണ്ണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ആലക്കോട് കാർത്തിക പുരത്തെ ഷാജന്റെ വീടും ചക്കരക്കല്ലിലെ അജിതയുടെ വീടുമാണ് പൂർണ്ണമായും തകർന്നത്.
ദേശീയപാത 66ന്റെ നിർമ്മാണത്തെ തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഇന്ന് രാവിലെ സ്ഥലം സന്ദർശിക്കും.
English Summary: Heavy Rain in Kerala
You may also like this video