ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദമാണ് മിഷോങ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.
ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും. തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ നേരിട്ട് ഭീഷണിയില്ല.
English Summary:Heavy rain likely in Kerala; Yellow alert in four districts
You may also like this video