Site iconSite icon Janayugom Online

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു; മിന്നൽപ്രളയം, കാണാതായവർ നിരവധി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. പഞ്ചാബിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്. കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ മഴയിൽ ജമ്മുകശ്മീരിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. റിയാസി, റാമ്പൻ എന്നീ ജില്ലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 11 പേരാണ് മരിച്ചത്. റിയാസിയിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്.

റാമ്പനിലും രാത്രി പെയ്ത കനത്ത മഴ നാലുപേരുടെ ജീവനെടുത്തു. മണ്ണിടിച്ചിലിൽ കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 138 പേർക്കാണ് ജമ്മു കാശ്മീരിൽ മാത്രം മഴക്കെടുതി മൂലം ജീവൻ നഷ്ടമായത്. നിരവധിപേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയിൽ ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.

മണ്ണിടിച്ചിലിനെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. രുദ്ര പ്രയാഗ്, ചമോലി, തെഹ്റി, ബാഗേശ്വർ എന്നീ ജില്ലകളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ആറുപേർക്കാണ് ജീവൻ നഷ്ടമായത്. മണ്ണിടിച്ചിലിൽ അകപ്പെട്ട 11 പേരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഹിമാചൽ പ്രദേശിലും കാലാവസ്ഥ മോശമായതിനെ തുടർന്ന് നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ അടച്ചു. രണ്ടു ദേശീയപാതകൾ ഉൾപ്പെടെ അഞ്ഞൂറിൽ അധികം റോഡുകൾ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

 

Exit mobile version