Site iconSite icon Janayugom Online

ഇന്നും കനത്തമഴ: ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരണം 35 ആയി, 47,000 പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി

apap

കനത്ത മഴയും വെള്ളപ്പൊക്കവുംമൂലം ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരണം 35 ആയി. ഇരു സംസ്ഥാനങ്ങളിലുമായി 47,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആന്ധ്രപ്രദേശിൽ മഴക്കെടുതിയിൽ 19 പേരും തെലങ്കാനയിൽ മഴയിലും വെള്ളപ്പൊക്കത്തിലും 16 പേരും മരിച്ചു.

കിഴക്കൻ വിദർഭയിലും തെലങ്കാനയിലും രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിൽ വിദർഭയിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ മധ്യപ്രദേശിലും നീങ്ങുകയും ന്യൂനമർദമായി മാറുകയും ചെയ്യുന്നതിനാൽ രണ്ട് സംസ്ഥാനങ്ങളിലും മഴയുടെ തീവ്രത കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

അദിലാബാദ്, മഞ്ചേരിയൽ, ഖമ്മം, സൂര്യപേട്ട്, കൊമരം ഭീം ആസിഫാബാദ്, പെദ്ദപ്പള്ളി, ജയശങ്കർ ഭൂപാൽപള്ളി, മുലുഗു, ഭദ്രാദ്രി കോതഗുഡെം, മഹബൂബാബാദ് എന്നിവയുൾപ്പെടെ തെലങ്കാനയിലെ 10 ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.

എൻഡിആർഎഫിലെയും എസ്ഡിആർഎഫിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 47 രക്ഷാപ്രവർത്തന സംഘങ്ങളെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

വിജയവാഡയിലെ പ്രകാശം ബാരേജിൽ നിന്ന് തിങ്കളാഴ്ച 11.43 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകാശം ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 9.64 ലക്ഷം ക്യുസെക്‌സ് ആണ്.

സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 5,000 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് 2,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായം തേടണമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഇരു മുഖ്യമന്ത്രിമാരുമായും സംസാരിക്കുകയും പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.

Exit mobile version