Site iconSite icon Janayugom Online

ഗുജറാത്തിൽ അതിശക്തമായ മഴ;ഏഴ് പേർ മരിച്ചു

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വഡോദര ഉള്‍പ്പെടെയുള്ള ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ വെള്ളക്കെട്ടുകള്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേരാണ് മരിച്ചത്.കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നലെയും ഇന്നുമായി ശക്തമായ മഴയാണ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്.

വഡോദരയില്‍ 26 cm മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വഡോദരയുടെ ഭാഗമായ രാജ്‌കോട്ടില്‍ 19 cm,അഹമ്മദ്ദാബാദില്‍ 12 cm,ബുജ്,നാലിയ എന്നിവിടങ്ങളില്‍ 8 cm,ഓഖ,ദ്വാരക എന്നിവിടങ്ങളില്‍ 8 cm,പോര്‍ബന്ദറില്‍ 5 cm എന്നിങ്ങനെയാണ് മഴ ലഭിച്ചിരിക്കുന്നത്.

വഡോദരയിലൂടെ ഒഴുകുന്ന വിശ്വാമിത്രി നദി കരകവിഞ്ഞൊഴുകിയതിനാല്‍ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു.മുട്ടോളം വെള്ളത്തിലൂടെ ആളുകള്‍ പോകുന്നതും ശക്തമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കിനും കാരണമായി.

കനത്ത മഴയെത്തുടര്‍ന്ന് അജ്വ റിസര്‍വോയറിലേയും പ്രതാപുര റിസര്‍വോയറിലേയും വെള്ളം വിശ്വാമിത്രി നദിയിലേക്ക് ഒഴുക്കി വിട്ടത് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായി.

അതിശക്തമായ മഴയില്‍ വഡോദരയിലെ കാശി വിശ്വനാഥ് ക്ഷേത്ര സമുച്ചയം വെള്ളത്തിനടിയിലായതിനാല്‍ ഇന്ന് ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഇത്രയധികം മഴ കണ്ടിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്.

Exit mobile version