Site icon Janayugom Online

സർക്കാർ സജ്ജം: കെ രാജൻ; മലയോര മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു

ശക്തമായ മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സർക്കാർ സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജന്‍. വടക്കൻ ജില്ലകളിൽ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നു. എൻഡിആർഎഫിന്റെ ആറ് സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്നും ആർമിയും സജ്ജമാണെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്ഥലത്തും ക്യാമ്പുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറയിച്ചു.

ഇന്നും നാളെയുമായി ഒന്‍പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അനില്‍കാന്ത് പറഞ്ഞു.

പശ്ചിമഘട്ട മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ചില ഡാമുകൾ തുറന്നിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

 

Eng­lish Sum­ma­ry: Heavy rains : Night trav­el to hilly areas was banned

You may like this video also

Exit mobile version