Site icon Janayugom Online

കനത്ത മഴ: ആറ് പേര്‍ മരിച്ചു, ഗ്ലോബല്‍ വില്ലേജ് അടച്ചു

global village

കനത്ത മഴയില്‍ ദുബായില്‍ ആറ് പേര്‍ മരിച്ചു. വെള്ളക്കെട്ടിലും മലവെള്ളപാച്ചിലിലും കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഞായറാഴ്ചത്തെ വെടിക്കെട്ടും ഒഴിവാക്കി.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ല. ഞായറാഴ്ചത്തെ കുവൈത്ത്-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. സ്‌കൂളുകളിലും സര്‍വകലാശാലകളിലും തിങ്കളാഴ്ച ക്ലാസ് ഉണ്ടാകില്ലെന്ന വിദ്യാഭ്യാസ മന്ത്രി അലി അല്‍ മുദാഫ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന സ്‌കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു. കുവൈത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ 106 പേരെ അഗ്‌നിശമന വിഭാഗം രക്ഷിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലില്‍ പോകരുതെന്നും റോഡ് ഗതാഗതത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് യുഎഇ ടൂറിസം അധികൃതര്‍ അറിയിച്ചു. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഗ്ലോബല്‍ വില്ലേജ്. തിങ്കളാഴ്ച വൈകീട്ട് നാലു മുതല്‍ വീണ്ടും തുറക്കുമെന്നും അറിയിച്ചു. ചൊവ്വാഴ്ച വരെ ഇടിയും മിന്നലോടുകൂടിയ മഴയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

Eng­lish Sum­ma­ry: Heavy rains: Six dead, Glob­al Vil­lage closed, Heavy rains until Tuesday

You may like this video also

Exit mobile version