നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിൽ ആയിരിക്കും തെളിവെടുപ്പ്. 500 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിക്കും. റിമാന്‍ഡില്‍ കഴിയുന്ന ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ പ്രതിയെ പോത്തുണ്ടി ബോയെന്‍ നഗറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.