Site iconSite icon Janayugom Online

മൗണ്ട് എവറസ്റ്റിലെ കനത്ത മഞ്ഞുവീഴ്ച; ഒരാള്‍ മരിച്ചു, 137 പേരെ രക്ഷപ്പെടുത്തി

എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റൻ ചരിവുകളിൽ ഉണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ 137 പേരെ രക്ഷപ്പെടുത്തി. ഒരു പര്‍വതാരോഹകന്‍ കൊല്ലപ്പെട്ടതായി ചൈനീസ് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ പർവതാരോഹകർക്കായി തിരച്ചിൽ തുടരുകയാണ്. ശരീരത്തിലെ താപനില ക്രമാതീതമായി കുറയുന്ന ഹൈപ്പോതെർമിയ കാരണമാണ് 41 കാരനായി പര്‍വതാരോഹകന്‍ മരിച്ചത്. രക്ഷപ്പെടുത്തിയവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും അധികൃതര്‍ അറിയിച്ചു.
അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും കുടുങ്ങിയ നൂറുകണക്കിന് ട്രെക്കിങ് യാത്രികരെ ഞായറാഴ്ച രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചിരുന്നു. ഞായറാഴ്ച വരെ 350 പേരെ ഗ്രാമീണരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഖുഡാങ് എന്ന ചെറുപട്ടണത്തിലേക്ക് മാറ്റി. ചൈനയിലെ എട്ടുദിവസത്തെ ദേശീയ ദിന അവധിയുടെ ഭാ​ഗമായാണ് എവറസ്റ്റിന്റെ കിഴക്കൻ ഭാ​ഗത്തേക്കുള്ള കർമ്മ എന്ന വിദൂര താഴ്‌വരയിൽ സന്ദര്‍ശകര്‍ എത്തിയത്.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ, എവറസ്റ്റ് വിനോദസഞ്ചാര മേഖലയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്ച മുതൽ നിർത്തിവച്ചതായി പ്രാദേശിക ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി അറിയിച്ചു. നേപ്പാളിലെ ഏഴ് പ്രവിശ്യകളിൽ അഞ്ചെണ്ണമായ കോശി, മാധേഷ്, ബാഗ്മതി, ഗന്ധകി, ലുംബിനി എന്നിവിടങ്ങളിൽ മൺസൂൺ സജീവമാണ്. അതിനാൽ തന്നെ മേഖലയിൽ കൂടുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാവുമോ എന്നത് വരും മണിക്കൂറുകളിൽ മാത്രമേ അറിയാൻ കഴിയൂ. 

Exit mobile version