യുഎസിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ വീശിയടിച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ 44 മരണം. 3.5 ദശലക്ഷത്തിലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജോര്‍ജിയയില്‍ നിന്ന് വടക്ക് ടെന്നസി, കാരോലിനസ് എന്നിവിടങ്ങളിലേക്ക് പ്രവേശിച്ച ഹെലിനെ, കാറ്റഗറി 4 ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറ് കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. അമേരിക്കയിലെ ഫ്ളോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹെലിൻ. വ്യാഴാഴ്ച മുതൽ ജോർജിയ, കരോലിന, ഫ്ലോറിഡ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
മാറിതാമസിക്കാനുള്ള നിർദേശങ്ങൾ പാലിക്കണമെന്നും അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്നും ഫ്ലോറിഡയിലെ അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാൽ സ്കൂളുകൾക്ക് അവധി നൽകി.
ഫ്ലോറിഡയിലെ 8,32,000 പേരെ മാറ്റിത്താമസിപ്പിച്ചു. എട്ട് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം നഷ്ടമായി. യുഎസിൽ എത്തുന്നതിനുമുമ്പ് കൊടുങ്കാറ്റ് ക്യൂബയുടെയും കേമാൻ ദ്വീപുകളുടെയും ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായി.