Site iconSite icon Janayugom Online

അമേരിക്കയില്‍ എല്ലായിടത്തും “ഹെല്‍പ് വാണ്ടഡ്”

മേരിക്കയിലെ ഏത് സംസ്ഥാനത്തും, ഏത് വഴിയിലൂടെയും സഞ്ചരിച്ചാല്‍ കാണുന്ന ഒരു ബോര്‍ഡാണ് “ഹെല്‍പ് വാണ്ടഡ്” എന്നത്. ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നാണ് അറിയിപ്പ്. ഭക്ഷണശാലകള്‍, മരുന്നു കടകള്‍, പെട്രോള്‍ പമ്പുകള്‍, നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നിടങ്ങള്‍, വസ്ത്രശാലകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഈ അറിയിപ്പ് കാണാന്‍ കഴിയും. ചില ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ജോലിക്കാരില്ലാത്തതിനാല്‍ പൊതിഞ്ഞ് കൊണ്ടുപോകാന്‍ മാത്രമേ സൗകര്യമുള്ളൂ. ചിലയിടങ്ങളില്‍ പ്രത്യേകമായ ചില ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്നവരില്ലാത്തതിനാല്‍ ലഭ്യമല്ല. ചിലയിടങ്ങളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ നീണ്ട ക്യൂ കാണാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ 47 ദശലക്ഷം ജോലിക്കാര്‍ തൊഴില്‍ ഉപേക്ഷിച്ചു എന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍മാരില്‍ ഒരാളായ സ്റ്റെഫനി ഫെര്‍ഗൂസന്‍ അറിയിക്കുന്നത്. 2020 ല്‍ 2.9 ദശലക്ഷം പേരാണ് തൊഴിലില്‍ നിന്നും പുറത്തുപോയത്. അവരില്‍ കുറെപ്പേര്‍ മറ്റ് തൊഴില്‍മേഖലകളില്‍ ചേര്‍ന്നിട്ടുണ്ടാകാം എന്നും ഫെര്‍ഗൂസന്‍ പറയുന്നു. ചിലര്‍ സ്വയംതൊഴില്‍ രംഗത്തേക്ക് കടന്നിട്ടുണ്ട്. വീട്ടിലിരുന്നുകൊണ്ട് പണം സമ്പാദിക്കാവുന്ന പല മേഖലകളും ഇക്കാലത്ത് തുറന്ന് ലഭിച്ചിട്ടുണ്ട്. അതിലൊന്ന് ഓണ്‍ലൈന്‍ ട്യൂഷനാണ്. പലരും യൂട്യൂബിനുവേണ്ടി വീഡിയോകള്‍ നിര്‍മ്മിച്ച് പണം സമ്പാദിക്കുന്നുമുണ്ട്. ആറ് ദശലക്ഷം‍ തൊഴില്‍രഹിതരും 10.1 ദശലക്ഷം തൊഴിലവസരങ്ങളും ഉള്ളപ്പോള്‍ വേണ്ടത്ര മനുഷ്യരെ ജോലിക്ക് ലഭിക്കുന്നില്ല എന്നത് വിരോധാഭാസമായി തോന്നാം എന്നാണ് ഫെര്‍ഗൂസന്റെ നിലപാട്.


ഇതുകൂടി വായിക്കൂ: മോഡിഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുന്നു


ഇക്കാലയളവിലെ തൊഴില്‍നഷ്ടത്തിന് കോവിഡ് മഹാമാരി തീര്‍ച്ചയായും വലിയൊരു കാരണമാണ്. മുപ്പത് ദശലക്ഷം‍ പേരുടെ തൊഴില്‍ നഷ്ടമാക്കിക്കൊണ്ട് 1,20,000 തൊഴില്‍ ശാലകളാണ് അടഞ്ഞുപോയത്. കോവിഡ് സാവകാശം നീങ്ങിയെങ്കിലും തൊഴില്‍ നഷ്ടമായവരിലും രാജി വച്ചവരിലും വലിയൊരു ശതമാനം തിരികെ വന്നില്ല, തിരികെ വരാന്‍ സാഹചര്യമൊരുങ്ങിയില്ല. ഇതില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കുട്ടികളുടെ സംരക്ഷണത്തിന് ഫലവത്തായ മാര്‍ഗങ്ങള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം കോവിഡനന്തര രോഗബാധിതര്‍ക്കും പ്രായമേറിയ മാതാപിതാക്കള്‍ക്കും കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമായതും തൊഴില്‍ രംഗത്തേക്ക് തിരികെ വരുന്നതില്‍നിന്നും പലരെയും വിലക്കി. ജോലി ഉപേക്ഷിച്ച സ്ത്രീകളില്‍ 58 ശതമാനം പേരും കുട്ടികളുടെ സംരക്ഷണത്തിന് സൗകര്യമില്ലാത്തതിനാലാണ് തിരിച്ച് ജോലിക്കെത്താത്തത് എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. വേതനത്തിലുള്ള സ്ത്രീ-പുരുഷ അന്തരവും സ്ത്രീകളെ ഭവനത്തില്‍ തളച്ചിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്ത്രീകളില്‍ തന്നെ കറുത്ത വര്‍ഗക്കാര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ തുല്യതക്ക് പുറത്താണ്.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍: യാഥാര്‍ത്ഥ്യവും മിഥ്യയും


പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിലിടങ്ങള്‍ പൂര്‍ണമായും സജ്ജമായിട്ടില്ല എന്ന അവസ്ഥയും തടസമായിട്ടുണ്ട്. വേതനം കുറച്ചു എന്നതും കാരണമായി പറയപ്പെടുന്നു. തൊഴിലിടങ്ങളിലെ സമയ ക്രമീകരണം രണ്ട് വിഭാഗത്തിനും തിരികെ വരാന്‍ തടസമാകുന്നുണ്ട്. കോവിഡ് കാലത്ത് ചെലവ് കുറയുകയും സ്വകാര്യ ധനശേഖരം വളരുകയും ചെയ്തതുകൊണ്ട് തൊഴില്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ചവരുമുണ്ട് എന്ന് ഫെര്‍ഗൂസന്‍ അവകാശപ്പെടുന്നു. മാത്രമല്ല, പതിനെട്ട് മാസത്തേക്ക് രണ്ടാഴ്ച തോറും സര്‍ക്കാര്‍ നല്‍കിയ 600 ഡോളറിന്റെ സഹായവും, സൗജന്യ പൊതു ഭക്ഷണ ഇടവും തൊഴില്‍ ചെയ്യാനുള്ള താല്പര്യം കുറച്ചിട്ടുണ്ട് എന്നാണ് അവരുടെ പക്ഷം. അമേരിക്കക്കാര്‍ ആകെ നാല് ലക്ഷം കോടി ഡോളര്‍ അധികമായി ഇക്കാലത്ത് ശേഖരിച്ചു എന്നാണ് അവകാശവാദം. പക്ഷെ വമ്പന്മാരുടെ വിഹിതം എത്ര, സാധാരണക്കാരുടെ വിഹിതം എത്ര എന്ന് ഇവര്‍ പറയുന്നില്ല.
ഇവിടെയാണ് അമേരിക്കയിലെ കണക്കനുസരിച്ച് ഒരു മില്യന്‍ മനുഷ്യര്‍ കോവിഡ് മൂലമോ അനുബന്ധ രോഗം മൂലമോ മരിച്ചു എന്നത് പരിഗണിക്കേണ്ടി വരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും “ഹോംലെസ്” എന്നറിയപ്പെടുന്ന തെരുവ് ജീവിതം നയിച്ചവരും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരും താഴ്ന്നവരുമാനമുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരുമാണ്. ഇപ്പോള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ സഹായം ചോദിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചതായും കാണുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് മാസ്ക് ധരിക്കുന്നതുപോലും പാപമായിരുന്നല്ലോ? സാമൂഹികമായി യാതൊരു പരിരക്ഷയും ഇല്ലാതിരുന്ന അക്കാലത്തൊരിക്കല്‍ (മേയ് 2021) മരിച്ചു വീണ 750 ഹതഭാഗ്യരുടെ ശരീരങ്ങള്‍ ന്യൂയോര്‍ക്കില്‍ ട്രക്കില്‍ അട്ടിയിട്ടാണ് കൊണ്ടുപോയത് (മൃതശരീരങ്ങള്‍ യുപി-ബിഹാര്‍ സംസ്ഥാനാതിര്‍ത്തിയില്‍ ഗംഗയില്‍ ഒഴുക്കിയ ചരിത്രം നമ്മുടെ നാട്ടിലുമുണ്ട് എന്നത് മറക്കുന്നില്ല). ഇതിന് സമാനമായ അവസ്ഥയാണ് 2005 ലെ കത്രീനാ ചുഴലിക്കാറ്റുണ്ടാക്കിയ പ്രളയത്തില്‍ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്നതും.
എന്നാല്‍ വെള്ളക്കോളര്‍ ജോലിയില്‍ വലിയ പ്രശ്നമില്ല എന്നത് ശ്രദ്ധേയമാണ്. അവരില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്. ഇത് തൊഴില്‍ദായകര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സഹായിക്കുന്നതാണ്. വലിയ ടാര്‍ജറ്റുകള്‍ നല്കി കൂടുതല്‍ സമയം ജോലിചെയ്യിക്കാം എന്നതുകൂടാതെ ജോലി ചെയ്യുന്നതിനുള്ള ഇടങ്ങളുടെ ആവശ്യമില്ല, അതിന്റെ സംരക്ഷണവും ദൈനംദിന അറ്റകുറ്റപ്പണികളും വേണ്ടിവരില്ല. കാലാവസ്ഥ അനുസരിച്ച് കെട്ടിടം ചൂടാക്കിയും തണുപ്പിച്ചും സൂക്ഷിക്കേണ്ടതില്ല. അത്തരം കെട്ടിടങ്ങള്‍ വില്‍ക്കാനും സാധിക്കും. ഇതില്‍ നിന്നെല്ലാം തൊഴില്‍ദായകര്‍ ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടം ജീവനക്കാരുമായി പങ്കുവയ്ക്കുന്നുമില്ല.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മ തീ പടര്‍ത്തുമ്പോള്‍


ഈ സാഹചര്യത്തിന് പരിഹാരമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നല്കുന്ന വായ്പാ സഹായത്തോടൊപ്പം സര്‍ക്കാര്‍ ഹ്രസ്വകാല തൊഴില്‍ പരിശീലന-പഠന പദ്ധതികള്‍ ആവിഷ്കരിക്കണം എന്നും അതിന് ആവശ്യമായ പ്രചാരം നല്‍കണമെന്നും ഈ വിഷയത്തില്‍ പഠനം നടത്തുന്ന റേച്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്രോവര്‍ എം ഹെര്‍മാന്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാരിന്റെ നടപടിക്കുവേണ്ടി കാത്തിരിക്കാതെ പല വ്യവസായ സ്ഥാപനങ്ങളും ഈ വഴിക്ക് ചിന്തിക്കാനും പദ്ധതി നടത്താനും ആരംഭിച്ചിട്ടുണ്ട്. വാള്‍മാര്‍ട്ട്, ഗൂഗിള്‍, ആമസോണ്‍, മാസ്ദ, ടൊയോട്ട തുടങ്ങിയ കമ്പനികളും ബാങ്ക് ഓഫ് അമേരിക്കയും ഈ വഴിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു. എന്തായാലും ഒരു ഭക്ഷണശാലയില്‍ കയറി തിടുക്കത്തില്‍ വല്ലതും കഴിച്ചിട്ട് പോകാമെന്ന് ചിന്തിക്കേണ്ട എന്ന അവസ്ഥ കുറെക്കാലം കൂടെ തുടര്‍ന്നേക്കാം.

Exit mobile version