35 കേസുകളിൽ പൊലീസിനെ പ്രതികളിലേക്കെത്തിച്ച ഹണി ഇനി വിങ്ങുന്ന ഓർമ്മ. പൊലീസ് കെ9 ഡോഗ് സ്വകാഡിലെ ഹണി ഏഴുവർഷം പൊലീസ് സേനയ്ക്കൊപ്പം ഉണ്ടായിരുന്നു. ഡിജിപി യുടെ പുരസ്കാരം നേടിയ ഏക നായ കൂടിയാണ് ഹണി. ഏഴു വർഷത്തോളമായി പൊലീസ് അന്വേഷണത്തിന് വഴികാട്ടിയായിരുന്ന ഹണി കരൾ രോഗത്തെ തുടർന്ന് 25 ദിവസമായി മണ്ണുത്തി വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹണി വിട പറയുമ്പോൾ പൊലീസ് സേനയ്ക്ക് നഷ്ടമാകുന്നത് മിടുക്കിയായ ഒരു നായയെയാണ്.
ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെടുന്ന ഹണി, തുമ്പൂർ, ചാലക്കുടി ജൂവലറി കവർച്ചക്കേസുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹണിക്ക് തൃശ്ശൂർ റൂറൽ പൊലീസിന്റെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. മതിലകം കട്ടൻ ബസാറിൽ യുവാവിനെ അതിഥിത്തൊഴിലാളികൾ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിന് 2019ൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. 2016‑ൽ കേരളത്തിൽ ജനിച്ച് ഹരിയാനയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ നാഷണൽ ട്രെയിനിങ് സെന്റർ ഫോർ ഡോഗ് ആന്റ് അനിമൽ അക്കാദമിയിൽനിന്ന് ട്രാക്കർ വിഭാഗത്തിൽ ഒന്നാംസ്ഥാനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത് .2018 മുതലാണ് കെ-9 സ്ക്വാഡ് അംഗമായത്. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ തുമ്പൂർ സെയ്ന്റ് ജോർജ് പള്ളി മോഷണക്കേസിലായിരുന്നു തുടക്കം.അസാമാന്യ ഘ്രാണശക്തിയും ശാന്തതയുമായിരുന്നു മികവെന്ന് പൊലീസ് സേനാംഗങ്ങൾ പറയുന്നു.