Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: തുടർനടപടി മുദ്രവച്ച കവറിൽ കൈമാറി

hema committehema committe

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയവർക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെങ്കില്‍ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. സിനിമാ മേഖലയെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്നതാകണം നിയമമെന്നും ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വിനോദ മേഖലയില്‍ നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മിഷൻ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, സി എസ് സുധ എന്നിവരടങ്ങുന്ന ബെഞ്ചാണ് റിപ്പോർട്ട് പരിഗണിച്ചത്. സിനിമാ മേഖലയിലെ പൊതുവായ പ്രശ്നങ്ങളിലാണ് കോടതി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും നിലവില്‍ വ്യക്തിഗത വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കോടതി നിർദേശിച്ചു. 

വിനോദ മേഖലയില്‍ പ്രവർത്തിക്കുന്നവർക്ക് സമത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാവും പുതിയ നിയമമെന്ന് വനിതാ കമ്മിഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സംഗീതം, സിനിമ, ടെലിവിഷൻ, നാടകം, സർക്കസ്, ഫാഷൻ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങള്‍ പൂർണമായി അവസാനിപ്പിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Exit mobile version