Site iconSite icon Janayugom Online

ഹേമചന്ദ്രൻ കൊലപാതകം; മുഖ്യപ്രതി നൗഷാദ് ബംഗളൂരുവിൽ പിടിയിൽ

വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി സുൽത്താൻബത്തേരി സ്വദേശി നൗഷാദ് ബംഗളൂരുവിൽ പിടിയിൽ. സൗദിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ നൗഷാദിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലിസ് സംഘം ഇന്നലെ ഉച്ചയോടെ ബംഗളുരുവിലേക്ക് പുറപ്പെട്ടു. നാടകീയമായിട്ടായിരുന്നു നൗഷാദിന്റെ യാത്ര. സൗദിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു ടിക്കറ്റെടുത്തിരുന്നത്. ഇതനുസരിച്ച് നൗഷാദിനെ നെടുമ്പാശേരിയില്‍ അറസ്റ്റ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് പൂര്‍ത്തിയാക്കി. യാത്രാ മധ്യേ നൗഷാദ് മസ്കറ്റില്‍ വിമാനമിറങ്ങുകയും പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് യാത്ര തിരിക്കുകയും ചെയ്തത്. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുള്ള സാഹചര്യത്തിലാണ് ബംഗളൂരുവില്‍ വച്ച് പിടികൂടാനായത്.

രണ്ടര മാസം മുമ്പ് താൽക്കാലിക വിസയിൽ വിദേശത്തേക്കു പോയ ഇയാളുടെ വിസ കാലാവധി തിങ്കളാഴ്ച അവസാനിക്കുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ മാസം 10ന് മുമ്പായി എത്തുമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിന് മൊഴിനല്‍കിയത്. നൗഷാദിനായി തെരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തെ വിവരം അറിയിച്ചത്. ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ മാസം 28നാണ് തമിഴ്‌നാട് ചേരമ്പാടിയിലെ കൊടും വനത്തില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.
മുഖ്യപ്രതി നൗഷാദ് ഹേമചന്ദ്രനെ ഒരു സ്ത്രീയെ ഉപയോഗിച്ച് ട്രാപ്പ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രതികളില്‍ മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ ഉപയോഗിച്ച രണ്ട് ഫോണുകള്‍ മൈസൂരുവില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. നേരത്തെ അറസ്റ്റിലായ ജ്യോതിഷ് കുമാർ, ബി എസ് അജേഷ്, വൈശാഖ് എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത് നൗഷാദിന്റെ നിർദേശ പ്രകാരമാണ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടതെന്നാണ്. എന്നാൽ ഹേമചന്ദ്രൻ എങ്ങനെ കൊല്ലപ്പെട്ടു എന്നറിയാന്‍ നൗഷാദിനെ ചോദ്യം ചെയ്യണമെന്ന് പൊലീസ് വ്യക്തമാക്കി. 

ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് നൗഷാദ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ മർദനമേറ്റ് ശ്വാസംമുട്ടിയാണ് മരണം എന്നാണ് കണ്ടെത്തൽ. നൗഷാദിനെ ചോദ്യം ചെയ്തശേഷമാകും നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ വീണ്ടും ചോദ്യം ചെയ്യുക. കേസിൽ രണ്ട് സ്ത്രീകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ പങ്ക് എന്താണെന്നുള്ളതും നൗഷാദിൽ നിന്ന് മനസിലാക്കേണ്ടതുണ്ട്. ഹേമചന്ദ്രന്റെ ഡിഎൻഎ പരിശോധനാഫലം ലഭിച്ചശേഷം മാത്രമെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. 

Exit mobile version