കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനെ അറസ്റ്റ് ചെയ്തു. ഇഡി കസ്റ്റഡിയിലായിരുന്ന സൊരേന്‍ സന്ധ്യയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ഇഡി ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവർണര്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറിയത്. നിലവിലെ ഗതാഗതമന്ത്രിയായ ചംപൈ സൊരേനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തതായി ജെഎംഎം എംഎല്‍എമാർ അറിയിച്ചു. എന്നാല്‍ ചംപൈ സൊരേനെയും ജെഎംഎം എംഎല്‍എമാരെയും കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. നേരത്തെ, ഹേമന്ത് സൊരേന്റെ ഭാര്യ കല്പന സൊരേന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഇന്നലെ രാവിലെ മുതലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം സൊരേന്റെ റാഞ്ചിയിലെ വസതിയില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വീട്, രാജ്ഭവന്‍, റാഞ്ചിയിലെ ഇഡി ഓഫിസ് എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധിക സുരക്ഷ വേണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
10 ദിവസത്തിനിടെ രണ്ടാം തവണയാണ് ഹേമന്ത് സൊരേനെ ഇഡി ചോദ്യംചെയ്യുന്നത്. ഇതിനു മുമ്പ് ജനുവരി 20 നായിരുന്നു ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഇഡി ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നെങ്കിലും സൊരേന്‍ റാഞ്ചിയിലേക്ക് പോയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനുള്ള രാഷ്ട്രീയ താല്പര്യങ്ങളാണ് ഇഡിയുടെ നടപടിയെന്ന് ഹേമന്ത് സൊരേന്‍ ആരോപിച്ചു.
അതിനിടെ ഹേമന്ത് സൊരേന്റെ പരാതിയില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഝാര്‍ഖണ്ഡ് പൊലീസ് കേസെടുത്തു. ധുര്‍വ പൊലീസ് സ്റ്റേഷനിലാണ് സൊരേന്‍ പരാതി നല്‍കിയത്. എസ്‌സി-എസ്‌ടി അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
English Summary: Hemant Soren was arrested
You may also like this video