Site iconSite icon Janayugom Online

കാമുകനോടൊപ്പം ജീവിക്കാൻ ഒന്നര വയസുകാരനായ മകനെ കടലിൽ എറിഞ്ഞു കൊന്നു; പ്രതിയായ അമ്മയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കാമുകനോടൊപ്പം ജീവിക്കാൻ ഒന്നരവയസുകാരനായ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമായിരുന്നു വിഷം കഴിച്ച് ആത്മഹത്യാ ശ്രമം. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം.2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. 

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ശരണ്യക്കെതിരെ പ്രണവും പൊലീസിനെ സമീപിച്ചു. ഇതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കൊലയാളിയെന്ന് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പറഞ്ഞത്.

Exit mobile version