Site iconSite icon Janayugom Online

വീര തെലങ്കാനയുടെ പോരാട്ട പാരമ്പര്യം; മറഞ്ഞത് തലയെടുപ്പുള്ള കമ്യുണിസ്റ്റ് നേതാവ്

വീര തെലങ്കാനയുടെ പോരാട്ട പാരമ്പര്യവുമായാണ് എസ് സുധാകർറെഡ്ഢി പൊതുരംഗത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമായത് തലയെടുപ്പുള്ള കമ്യുണിസ്റ്റ് നേതാവിനേയും. പത്തം ക്ലാസില്‍ പഠിക്കുമ്പോള്‍ പാഠപുസ്തകങ്ങള്‍ക്കും ബ്ലാക് ബോര്‍ഡിനും വേണ്ടി സമരം ചെയ്ത് തുടങ്ങിയതാണ് സുരവാരം സുധാകര്‍ റെഡ്ഢിയുടെ പോരാട്ട വീര്യം. ആ സമരത്തിന്റെ ജ്വാല കുര്‍നൂലിലെമ്പാടും വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ സുധാകര്‍ റെഡ്ഢിയെന്ന വിദ്യാർത്ഥിയുടെ രാഷ്ട്രീയപ്രവേശനത്തിന് അരങ്ങേറ്റമായി. എഐഎസ്എഫിന്റെ പഠിക്കുക പോരാടുകയെന്ന മുദ്രവാക്യത്തിന്റെ സാക്ഷാത്കാര്യത്തിനായുള്ള പോരാട്ടമായിരുന്നു അത്. കാലങ്ങൾക്ക് ശേഷം സുധാകർറെഡ്ഢി എഐഎസ്എഫിന്റെ ദേശിയ ജനറൽ സെക്രട്ടറിയുമായി.

പിന്നീട് എഐവൈഎഫ് ദേശിയ പ്രസിഡന്റായി, സി കെ ചന്ദ്രപ്പനായിരുന്നു ജനറല്‍ സെക്രട്ടറി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ വിദ്യാർത്ഥി യുവജന പോരാട്ടങ്ങള്‍ നടന്ന കാലത്ത് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ദേശീയ ഭാരവാഹിയായിരുന്നു അദ്ദേഹം. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും എഴുപതുകളുടെ മധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്തു വീണ്ടും സജീവമായി. തുടര്‍ന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഒട്ടേറെ പ്രക്ഷോഭ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ സുധാകര്‍ പല തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ലോക്‌സഭയിലും പതിനാലാം ലോക്‌സഭയിലും അംഗമായിരുന്നു. 2012മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. കുടിയേറ്റ തൊഴിലാളികളുടെ കണ്ണീരും വിയര്‍പ്പും പോരാട്ടങ്ങളുംകൊണ്ട് പടുത്തുയര്‍ത്തിയ മെഹബൂബ് നഗര്‍ ജില്ലയില്‍പ്പെട്ട പാരാമുരയിലെ കുഞ്ച്‌പോട് എന്ന, വീരതെലങ്കാനയുടെ ഐതിഹാസിക പാരമ്പ്യമുള്ള മണ്ണില്‍ നിന്നാണ് സുധാകര്‍ റെഡ്ഡിയുടെ ജീവിതത്തിന്റെ തുടക്കം. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളായാണ് സുധാകർ റെഡ്ഢി. ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോള്‍ പോരാട്ടത്തിന്റെ വഴി തെരഞ്ഞെടുത്ത സുധാകര്‍ റെഡ്ഡി വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

Exit mobile version